അബൂദബി: ഓണ്‍ലൈന്‍ നിയമ സേവനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചതോടെ അബൂദബി നീതിന്യായ വകുപ്പില്‍ (എ.ഡി.ജെ.ഡി) ഡിജിറ്റല്‍ സാക്ഷ്യപ്പെടുത്തലുകളില്‍ (ഡിജിറ്റല്‍ അറ്റസ്റ്റേഷന്‍) വന്‍ വര്‍ധന. 2026ലെ ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം ഡിജിറ്റല്‍ സാക്ഷ്യപ്പെടുത്തലുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവ് അപേക്ഷിച്ച് 405 ശതമാനത്തിന്‍റെ റെക്കോര്‍ഡ് വളര്‍ച്ചയാണുണ്ടായത്. വകുപ്പ് പുറത്തുവിട്ട ഒന്നാം പാദ പ്രവര്‍ത്തന റിപ്പോര്‍ട്ട് അനുസരിച്ച് ആകെ 6,37,000 ഡിജിറ്റല്‍ സാക്ഷ്യപ്പെടുത്തലുകളാണ് ആദ്യ മൂന്ന് മാസങ്ങളില്‍ പൂര്‍ത്തിയായത്.
ആദ്യ പാദത്തില്‍ 223000ത്തിലധികം ഇലക്ട്രോണിക് സിവില്‍, ക്രിമിനല്‍ അപേക്ഷകള്‍ കൈകാര്യം ചെയ്തു. ഇത് 2025ലെ ഇതേ കാലയളവിനേക്കാള്‍ ആറു ശതമാനം കൂടുതലാണ്. ഇവയില്‍ 195,000 സിവില്‍ അപേക്ഷകളും 27,000ത്തിലേറെ ക്രിമിനല്‍ അപേക്ഷകളുമാണ് ഉള്‍പ്പെടുന്നത്. കൂടാതെ, നടപ്പുവര്‍ഷത്തിന്‍റെ ആദ്യ മൂന്ന് മാസങ്ങളില്‍ 153,000ത്തിലധികം വിദൂര കോടതി നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ 16 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നീതിന്യായ നടപടികള്‍ വേഗത്തിലാക്കാനും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താനും സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ സംവിധാനത്തിലൂടെ 5403 ഓട്ടോമാറ്റിക് എക്‌സിക്യൂഷന്‍ ഓര്‍ഡര്‍ റദ്ദാക്കല്‍ തീരുമാനങ്ങളും ഇക്കാലയളവില്‍ വകുപ്പ് പുറപ്പെടുവിച്ചു. കോടതിക്ക് പുറത്തുള്ള തര്‍ക്ക പരിഹാരങ്ങളും വര്‍ധിച്ചിട്ടുണ്ട്. മധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും 2825 തര്‍ക്കങ്ങളാണ് ആദ്യ പാദത്തില്‍ പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.