ജലചോർച്ച പരിശോധിക്കണമെന്ന് നിർദേശിച്ച് ‘ദേവ’ പുറത്തിറക്കിയ അറിയിപ്പ്
ദുബൈ: ദുബൈയിലെ താമസക്കാർ വെള്ളത്തിന്‍റെ ഉപഭോഗം സ്ഥിരമായി നിരീക്ഷിക്കുന്നത് അമിത ബില്ല് കുറക്കാൻ സഹായിക്കുമെന്ന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) അധികൃതരുടെ നിർദേശം. നിശ്ചിത കാലയളവിൽ ടെക്നീഷ്യന്മാരെ നിയോഗിച്ച് വീട്ടിലെ അല്ലെങ്കിൽ സ്ഥാപനത്തിലെ ജലചോർച്ച പരിശോധിക്കണമെന്നാണ് നിർദേശം. വേനൽചൂടിൽ ജലപൈപ്പുകൾ വികസിക്കാനും പൊട്ടാനുമുള്ള സാധ്യത കണക്കിലെടുത്താണിത്.
ഭൂമിക്കടിയിലുള്ള പൈപ്പുകൾവരെ താപനില അധികമായി പൊട്ടാനുള്ള സാധ്യതയുണ്ടെന്നും ഇത് പരിശോധിച്ച് കണ്ടെത്തിയില്ലെങ്കിൽ വാട്ടർ ബില്ല് ക്രമാതീതമായി ഉയരാനിടയാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പൈപ്പ് പൊട്ടി ജലം പാഴാകുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള എളുപ്പ മാർഗവും 'ദേവ' നിർദേശിച്ചിട്ടുണ്ട്. ഇതിന് ആദ്യം വീട്ടിലെ എല്ലാ വാട്ടർ ടാപ്പുകളും (വാഷിങ് മെഷീനിന്‍റെയും ഡിഷ്വാഷറിന്‍റെയുമടക്കം) ഓഫ് ചെയ്യണം.
എന്നിട്ട് വാട്ടർ മീറ്റർ റീഡിങ് എടുക്കണം. ഒരു മണിക്കൂർ കഴിഞ്ഞ് വീണ്ടും റീഡിങ് എടുക്കണം. അപ്പോൾ നേരത്തേതിനേക്കാൾ കൂടുതൽ റീഡിങ് കാണിക്കുന്നുണ്ടെങ്കിൽ എവിടെയോ വെള്ളം ചോരുന്നുണ്ടെന്നാണ് കണക്കാക്കേണ്ടത്. മീറ്ററിന് മുമ്പ് സംഭവിക്കുന്ന ഏത് ജലചോർച്ചക്കും 'ദേവ' ഉത്തരവാദിത്തമേറ്റെടുക്കും. എന്നാൽ, മീറ്റർ കഴിഞ്ഞുള്ള ജലചോർച്ചക്ക് കെട്ടിട ഉടമസ്ഥൻ അല്ലെങ്കിൽ വാടകക്കാരനാണ് ഉത്തരവാദി. അത് റസിഡൻഷ്യൽ, കമേഴ്സ്യൽ, ഇൻഡസ്ട്രിയൽ സെക്ടറുകൾക്കെല്ലാം ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി.
തറയിലും ചുവരിലും മേൽക്കൂരയിലും അടുക്കളയിലും വാഷിങ് മെഷീൻ പരിസരത്തുമൊക്കെ വെള്ളം ചോരാൻ സാധ്യതയുള്ള ഇടങ്ങളാണ്. പൈപ്പ് പൊട്ടിയതോ അല്ലെങ്കിൽ മതിയായ അറ്റകുറ്റപണിയില്ലാത്തതിനാൽ കണക്ഷനിൽ കേടുപാടുകൾ സംഭവിച്ചതോ ഒക്കെയാകാം ഇതിന് കാരണം. 2012ൽ ഒരു കുടുംബത്തിന്‍റെ അണ്ടർഗ്രൗണ്ട് പൈപ്പ് പൊട്ടിയത് കണ്ടെത്താൻ കഴിയാത്തതിനാൽ 10 ലക്ഷം ഗ്യാലൻ വെള്ളം പാഴാവുകയും അവർക്ക് 54,000 ദിർഹം പിഴ നൽകുകയും ചെയ്തിരുന്നു. 2014ൽ ഒരു കുടുംബത്തിലെ ഭൂമിക്കടിയിലെ വാട്ടർ ടാങ്ക് ചോർന്ന് രണ്ടുമാസത്തോളം ജലം പാഴാവുകയും 22,000 ദിർഹം പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ നിരന്തര പരിശോധന ആവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ടാങ്ക് ബോഡി, പൈപ്പ് എന്നിവയുടെ തകരാറോ സ്ഥാപിച്ചതിലെ പാളിച്ചയോ മൂലമാണ് വാട്ടർ ടാങ്കുകളിൽ ചോർച്ച ഉണ്ടാകുന്നത്. വാഷിങ് മെഷീന്‍റെ ഹോസ്, ടോയ്ലറ്റ് വാട്ടർ ടാങ്ക്, വാട്ടർ ഹീറ്റർ, ടാപ്പുകൾ, കണക്ഷനുകൾ എന്നിവയെല്ലാം നിശ്ചിത കാലയളവിൽ പരിശോധിച്ച് അറ്റകുറ്റപണി നടത്തിയില്ലെങ്കിൽ ചോർച്ചക്ക് സാധ്യതയുണ്ട്. വില്ലകളിലാണ് ഈ പ്രശ്നങ്ങൾ രൂക്ഷമായുള്ളതെന്നും ഇവിടങ്ങളിൽ ഭൂമിക്കടിയിലെ വാട്ടർ ടാങ്കിലെ ചോർച്ചയും പൂന്തോട്ടങ്ങളിലെ ജലസേചന സംവിധാനങ്ങളിലെ പാളിച്ചകളും കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
പൈപ്പ് കണക്ഷൻ സ്ഥാപിക്കുന്നത് സ്പെഷലിസ്റ്റ് കമ്പനികളെ ഏൽപിക്കുകയും ഗുണമേന്മയുള്ള പൈപ്പുകളും അനുബന്ധ സാധനങ്ങളും ഉപയോഗിക്കുകയും ചെയ്താൽ ഇത് ഒരുപരിധിവരെ കാര്യക്ഷമമാക്കാൻ കഴിയും. സ്ഥിരമായി അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ഏൽപിക്കാൻ പറ്റുന്ന കമ്പനികളുടെ പട്ടിക 'ദേവ' ആപ്പിൽ നൽകിയിട്ടുണ്ട്.
'സ്മാർട്ട് ലിവിങ് ഡാഷ്ബോർഡി'ലൂടെ ദിനംപ്രതിയും മാസത്തിലും വർഷത്തിലുമുള്ള ജല ഉപഭോഗത്തിന്‍റെ തോത് നിരീക്ഷിക്കാൻ കഴിയും. പ്രതിദിന ജല ഉപഭോഗം വർധിക്കുന്നതായി കാണുന്ന ഉപഭോക്താക്കൾക്ക് 'ദേവ' മുന്നറിയിപ്പും നൽകാറുണ്ട്. വീട്ടിൽനിന്നും നീണ്ട നാളത്തേക്ക് മാറിനിൽക്കുന്നവർക്ക് ജല ഉപഭോഗം സംബന്ധിച്ച വിവരങ്ങൾ ഇ-മെയിലായി ലഭിക്കുന്നതിന് 'എവേ മോഡ്' സേവനം ഉപയോഗിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.