2011ൽ ദുബൈയിലെത്തിയ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത മെട്രോയിൽ യാത്രചെയ്യുന്നു
2011ൽ കോഴഞ്ചേരി സെൻറ് തോമസ് കോളജിെൻറ പൂർവ വിദ്യാർഥി കൂട്ടായ്മയായ 'സാന്തോം സ്നേഹ സ്വാന്തനം' പരിപാടിയിൽ മുഖ്യാതിഥിയായി മാർ ക്രിസോസ്റ്റം തിരുമേനി യു.എ.ഇയിൽ എത്തിയിരുന്നു. ദുബൈയിൽ എത്തിയ തിരുമേനി ഇവിടെ പല സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്തു. ഗ്ലോബൽ മീറ്റിെൻറ മുന്നോടിയായി കറാമയിൽ നടന്ന വാർത്തസമ്മേളനത്തിന് ശേഷം അദ്ദേഹത്തിനൊരു ആഗ്രഹം. ദുബൈ മെട്രോയിൽ കയറണം. അങ്ങനെ സംഘാടകരും അഭ്യുദയകാംക്ഷികളും ചേർന്ന് നേരെ ജഫ്ലിയ മെട്രോ സ്റ്റേഷനിലേക്ക്.
അവിടെ അദ്ദേഹത്തെ കണ്ട സ്റ്റേഷൻ ജീവനക്കാർക്കും ആകാംക്ഷയായി. സ്വയം ടിക്കറ്റ് പഞ്ച് ചെയ്തു ലിഫ്റ്റിൽ പ്ലാറ്റ്ഫോമിലേക്ക് എത്തിയ തിരുമേനി ഓരോ അഞ്ചു മിനിറ്റിലും ട്രെയിൻ വരുമെന്ന് കേട്ടപ്പോൾ മണിക്കൂറുകളും ദിവസങ്ങളും വൈകി ഓടുന്ന നമ്മുടെ നാട്ടിലെ ട്രെയിനുകളെ കുറിച്ച് പരാമർശം നടത്തിയത് കൂടെയുള്ളവരിൽ ചിരിപടർത്തി. കൂട്ടത്തിൽ ആരോ പറഞ്ഞു 'തിരുമേനി, ദുബൈയിലെ മെട്രോക്ക് ഒരു പ്രത്യേകത ഉണ്ട്. ലോകത്തിലെ ആദ്യത്തെ ഡ്രൈവർ ഇല്ലാ ട്രെയിൻ ആണിത്'. അത് കേട്ടതും തിരുമേനിയും വിട്ടില്ല. 'ഞാൻ ഇത് വരെ കയറിയ എല്ലാ വാഹനത്തിലും ഡ്രൈവർ ഉണ്ടായിരുന്നു, വിമാനത്തിലാണെങ്കിൽ പൈലറ്റും. എവിടെ ആയാലും ഞാൻ ദൈവത്തോട് പ്രാർഥിച്ചാണ് യാത്ര ചെയ്യുന്നത്.
ഈ ഡ്രൈവർ ഇല്ലാ ട്രെയിനിലും പ്രാർഥിച്ചു യാത്ര തുടങ്ങാം' എന്ന് പറയുമ്പോൾ റാഷിദിയ ഭാഗത്തു നിന്നും ട്രെയിൻ വരവായി. അങ്ങനെ ദുബൈ മെട്രോയിൽ യാത്ര ചെയ്ത ലോകത്തെ ഏറ്റവും പ്രായം കൂടിയ ബിഷപ് എന്ന ബഹുമതി അദ്ദേഹം നേടി. ഈ യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിന് 93 വയസ്സായിരുന്നു. ട്രെയിനിൽ കയറിയതും യാത്രക്കാർ ആശ്ചര്യത്തോടെ തിരുമേനിയെ നോക്കുവാൻ തുടങ്ങി. ഇതാദ്യമായാണ് ഇങ്ങനെ ഒരാളെ ട്രെയിനിൽ കാണുന്നത്. കണ്ടവർ കണ്ടവർ അനുഗ്രഹത്തിനായി അദ്ദേഹത്തിെൻറ അടുക്കലേക്കെത്തി. മടിയൊന്നും കൂടാതെ എല്ലാവരെയും അനുഗ്രഹിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
നഗരക്കാഴ്ചകൾ കണ്ടു ദുബൈയുടെ വികസനത്തെക്കുറിച്ചു അഭിനന്ദനങ്ങൾ അറിയിച്ച തിരുമേനി ഇവിടുത്തെ സ്നേഹമുള്ള ഭരണാധികാരികളെക്കുറിച്ചു വാചാലനായി. അവർ പ്രവാസികളോട് കാണിക്കുന്ന സ്നേഹവും മമതയും എടുത്തു പറഞ്ഞു. ട്രെയിനിെൻറ വേഗത്തിനൊപ്പം തമാശകളുടെ വരവും കൂടിവന്നു. അങ്ങനെ ജെ നഖീൽ സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്നും ജഫ്ലിയ സ്റ്റേഷനിലേക്ക് മടക്കയാത്ര നടത്തിയത് കൂടെ യാത്ര ചെയ്തവർക്ക് അവിസ്മരണീയ അനുഭവം നൽകി. മാർ ക്രിസോസ്റ്റം നവതി പദ്ധതിയുടെ ജനറൽ കൺവീനറും മാർത്തോമ സഭയിലെ വൈദികനും കെ.എ. ജോഷ്വയുടെ മകനുമായ ജോബി ജോഷ്വയുടെ വാക്കുകളിൽ അദ്ദേഹത്തിെൻറ വിയോഗം വല്ലാത്ത ഒരു ശൂന്യത തന്നെയാണെന്ന് പറയുന്നു.
ജോബിയുടെ മുൻകൈയിൽ കോഴഞ്ചേരി സെൻറ് തോമസ് കോളജിെൻറ പൂർവ വിദ്യാർഥി കൂട്ടായ്മയായ 'സാന്തോം' ദുബൈ വൈസ്മെൻസ്, കേരള കൗൺസിൽ ഓഫ് ചർച്ചസ് എന്നിവയുടെ വിവിധ പരിപാടികളിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കാനായതും വലിയ ഭാഗ്യമായി കരുതുന്നു. ദുബൈ ജബൽ അലി മാർത്തോമ പള്ളിയിൽ നടന്ന നവതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ഗതാഗത മന്ത്രി മാത്യു ടി .തോമസ് ആയിരുന്നു.
ഗൾഫിലെ പുതുതലമുറയ്ക്ക് അദ്ദേഹം നൽകിയ ഉപദേശം ഏറെ പ്രസക്തമാണ്. ഈ ഗൾഫ് പ്രദേശം മുഴുവൻ വലിയ സാധ്യതകൾ ഉള്ള ഇടമാണ്. സൗകര്യങ്ങളും ധനവും അധികാരവും ഉള്ളപ്പോൾ ദൈവത്തെ മറക്കുവാൻ ഇടയാകരുത്. സാധ്യതകൾ ഒരുക്കിത്തന്ന ദൈവത്തെ പ്രയാസങ്ങളിൽ മാത്രം അന്വേഷിക്കുകയും സമൃദ്ധിയിൽ മറക്കുകയും ചെയ്യുന്നത് തെറ്റാണെന്ന് അദ്ദേഹം പലതവണ ഓർമിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.