ശൈഖ് ഹംദാന്റെ അധ്യക്ഷതയിൽ ചേർന്ന മൂന്നാമത് പ്രതിരോധ കൗൺസിൽ യോഗം
ദുബൈ: യു.എ.ഇയുടെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നത് ദേശീയ മുൻഗണനയാണെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഈ വർഷത്തെ മൂന്നാമത് പ്രതിരോധ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ടാണ് ശൈഖ് ഹംദാൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ തുടർച്ചയായ പിന്തുണയെ ശൈഖ് ഹംദാൻ പ്രശംസിക്കുകയും സംയോജിത പ്രതിരോധ സംവിധാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം പ്രതിജ്ഞബദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ദേശീയ പ്രതിഭകളെ വികസിപ്പിക്കുക, മനുഷ്യവിഭവശേഷി ശക്തിപ്പെടുത്തുക, നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക തുടങ്ങിയവ പ്രതിരോധ സംവിധാനം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കും. സായുധ സേനക്ക് എല്ലാ പിന്തുണയും നൽകുന്നതിന് നേതൃത്വം പൂർണമായും സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രധാന പരിപാടികളുടെയും പദ്ധതികളുടെയും പുരോഗതിയും യോഗത്തിൽ വിലയിരുത്തി. വിവിധ മേഖലകളിൽ സമഗ്രമായ ആധുനികവത്കരണം നടപ്പിലാക്കുന്നതിനുള്ള പദ്ധതികളും വിശകലനം ചെയ്തിട്ടുണ്ട്.
യു.എ.ഇ പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഫാദിൽ അൽ മസ്റൂയി, സായുധസേനാ മേധാവി ലഫ്. ജനറൽ ഇസ്സ സൈഫ് ബിൻ അബ്ലാൻ അൽ മസ്റൂയി, സായിദ് മിലിട്ടറി യൂനിവേഴ്സിറ്റി ഉപദേഷ്ടാവും പ്രസിഡന്റുമായ മേജർ ജനറൽ മൈക്ക്ൾ ഹിന്ദ്മാർഷ് എന്നിവരും നിരവധി മുതിർന്ന പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.