ദുബൈ പൊലീസ് പട്രോളിങ് ടീം പിടിച്ചെടുത്ത വാഹനം
ദുബൈ: മഴയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 50,000 ദിർഹം പിഴ. വാഹനം ദുബൈ പൊലീസ് പട്രോളിങ് ടീം പിടിച്ചെടുക്കുകയും ചെയ്തു. കറുത്ത പിക്അപ് ട്രക്കാണ് അൽ മർമൂം മരുഭൂമിയിൽ മണലിലൂടെ ഡ്രിഫ്റ്റിങ് നടത്തുകയും പിന്നീട് റോഡിൽ വേഗത്തിൽ ഓടിച്ചുപോവുകയും ചെയ്തത്.
ഇതിന്റെ വിഡിയോ അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിൽ പ്രത്യേകിച്ച് ശ്രദ്ധ വേണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നുമുള്ള തുടർച്ചയായ മുന്നറിയിപ്പുകൾ നൽകിയ ശേഷമാണ് സംഭവമുണ്ടായതെന്ന് പൊലീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സ്റ്റണ്ട് ഡ്രൈവിങ്ങും ഡ്രിഫ്റ്റിങ്ങും അടക്കമുള്ള അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് പൊതുസുരക്ഷക്ക് ഭീഷണിയാണെന്നും ദുബൈ പൊലീസ് ഓപറേഷൻസ് അഫയേഴ്സ് ആക്ടിങ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. പ്രത്യേകിച്ച് ജീവൻ അപകടപ്പെടുത്തുന്ന അശ്രദ്ധമായ ഡ്രൈവിങ്ങിനോടും റോഡ് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന പെരുമാറ്റങ്ങളോടും സഹിഷ്ണുതയില്ലാത്ത സമീപനമാണ് ദുബൈ പൊലീസ് സ്വീകരിക്കുന്നതെന്ന് മേജർ ജനറൽ അൽ മസ്റൂയി പറഞ്ഞു.
സുരക്ഷക്ക് മുൻഗണന നൽകാനും വേഗപരിധി പാലിക്കാനും ജീവൻ അപകടത്തിലാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാനും എല്ലാ ഡ്രൈവർമാരോടും പ്രസ്താവന ആവശ്യപ്പെട്ടു.
അജ്മാന്: എമിറേറ്റിലെ പ്രധാന റോഡുകളിലും ഹൈവേകളിലും വിനോദ മോട്ടോർ സൈക്കിളുകൾ, ട്രൈസൈക്കിളുകൾ, ഓൾ-ടെറൈൻ വാഹനങ്ങൾ, ക്വാഡ് ബൈക്കുകൾ എന്നിവ ഉപയോഗിക്കുന്നവർക്ക് 3000 ദിർഹം പിഴയും 90 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ചുമത്തും. മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിന് 500 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയന്റുമാണ് ലഭിക്കുക.
ഡ്രൈവിങ് ലൈസൻസില്ലാതെ മോട്ടോർ സൈക്കിൾ ഓടിക്കുന്നവരെ കസ്റ്റഡിയിലെടുക്കുകയും അവർക്കെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്യും. അപകടങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി അജ്മാൻ പൊലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏറ്റവും പുതിയ കാമ്പയിനിന്റെ ഭാഗമായാണ് കർശന നടപടി സംബന്ധിച്ച് വ്യക്തമാക്കിയത്.
മോട്ടോർ സൈക്കിൾ യാത്രക്കാർക്കിടയിൽ സുരക്ഷ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു മാസത്തെ ഗതാഗത സുരക്ഷ കാമ്പയിനാണ് ആരംഭിച്ചത്. എമിറേറ്റിലെ ബൈക്ക് ഉപയോക്താക്കളുടെ വർധന, പ്രത്യേകിച്ച് ഡെലിവറി റൈഡർമാരെ കണക്കിലെടുത്താണ് കാമ്പയിനെന്ന് അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്. കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു.
സുരക്ഷക്ക് മുൻഗണന നൽകാനും എല്ലാ ഗതാഗത നിയന്ത്രണങ്ങളും പാലിക്കാനും മറ്റു മോട്ടോർ സൈക്കിൾ ഉപയോക്താക്കളോടും അദ്ദേഹം ആഹ്വാനം ചെയ്തു.
ജീവനോ സുരക്ഷയോ അപകടത്തിലാക്കുന്ന രീതിയിൽ ബൈക്ക് ഓടിച്ചാൽ 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയന്റുകളും 60 ദിവസത്തെ കണ്ടുകെട്ടലും നേരിടേണ്ടിവരും. നിർദിഷ്ട ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതിരുന്നാല് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്റുകളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.