ദുബൈ: കറൻസി തട്ടിപ്പിനിരയായ വ്യാപാരിക്ക് 5,000 ദിർഹം നഷ്ടപരിഹാരം ഉൾപ്പെടെ 118,000 ദിർഹം തിരിച്ചടക്കാൻ ഉത്തരവിട്ട് ദുബൈ സിവിൽ കോടതി. ആഫ്രിക്കൻ വംശജനായ വ്യാപാരിയെ വഞ്ചിച്ച കേസിൽ അറബ് വംശജനെതിരെയാണ് കോടതി വിധി. കനേഡിയൻ വിതരണക്കാരനുമായി ഇടപാട് നടത്തുന്ന ആഫ്രിക്കൻ വ്യാപാരിക്ക് 1,17,913 ദിർഹം യു.എസ് ഡോളറിലേക്ക് വിനിമയം ചെയ്യേണ്ടിവന്നതോടെയാണ് കേസിനാസ്പദമായ സംഭവം. പ്രാദേശിക ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ദിർഹം യു.എസ് ഡോളറിലേക്ക് വിനിമയം ചെയ്തുതരാമെന്ന് അറബ് വംശജൻ വ്യാപാരിയെ ധരിപ്പിച്ചു. ഇതുപ്രകാരം ഇയാൾ പ്രതിനിധി വഴി അറബ് വംശജന് പണം കൈമാറി. അറബ് വംശജൻ എ.ടി.എമ്മിൽ കാഷ് നിക്ഷേപിക്കുന്ന ഫോട്ടോയും വ്യാപാരിക്ക് അയച്ചുനൽകിയിരുന്നു. എന്നാൽ, നിശ്ചിത സമയം കഴിഞ്ഞിട്ടും കനേഡിയൻ വിതരണക്കാരന് പണം ലഭിച്ചില്ല. ഇതോടെ ഇയാൾ വ്യാപാരിക്കെതിരെ തിരിയുകയും പിഴത്തുക ഉൾപ്പെടെ ആവശ്യപ്പെടുകയും ചെയ്തു. സമ്മർദം വർധിച്ചതോടെ വ്യാപാരി അറബ് വംശജനിൽനിന്ന് പണം തിരികെ ലഭിക്കാനായി ദുബൈയിലേക്ക് എത്തി. ഇടനിലക്കാർ മുഖേന പല തവണ ചർച്ചകൾ നടത്തിയെങ്കിലും പണം നൽകാൻ പ്രതി തയാറായില്ല. അവസാനം വ്യാപാരി സ്വന്തം കൈയിൽ നിന്ന് പണമെടുത്ത് കനേഡിയൻ വ്യാപാരിക്ക് അയച്ചുനൽകി. തുടർന്നാണ് ഇദ്ദേഹം ദുബൈ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. രേഖകൾ പരിശോധിച്ച കോടതി പ്രതിക്കെതിരെ വിധി പ്രസ്താവിക്കുകയായിരുന്നു. പ്രതി കൈപ്പറ്റിയ 1,17,913 ദിർഹവും 5,000 ദിർഹം നഷ്ടപരിഹാരവും നൽകണമെന്നായിരുന്നു വിധി. അതേസമയം, മാനസികവും ശാരീരികവുമായ പ്രയാസം നേരിട്ടതിന് ഒരു ലക്ഷം നഷ്ടപരിഹാരം അനുവദിക്കണമെന്ന വ്യാപാരിയുടെ ആവശ്യം കോടതി പക്ഷേ, തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.