അബൂദബി: കോവിഡ് വ്യാപനത്തെ തുടർന്ന് അടഞ്ഞു കിടന്ന ദേവാലയങ്ങൾ തുറന്നു തുടങ്ങുന്നു. അബുദബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ തുറന്നതിന് പിന്നാലെ മറ്റ് ദേവാലയങ്ങളും തുറക്കാൻ ഒരുങ്ങുകയാണ്. അബൂദബി മാർത്തോമ്മ ഇടവക ദേവാലയം, അബൂദബി സെൻറ് ആൻഡ്രൂസ് ദേവാലയം, മുസഫ സെൻറ് പോൾസ് തുടങ്ങിയ ദേവാലയം എന്നിവ തുറക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്.
സാമൂഹിക വികസന വകുപ്പിെൻറ മാനദണ്ഡങ്ങളും മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചാൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയശേഷം ആരാധനക്കുള്ള അനുമതി നൽകും. മുസ്ലീം പള്ളികളും ക്ഷേത്രങ്ങളും കഴിഞ്ഞയാഴ്ച തുറന്നിരുന്നെങ്കിലും ക്രിസ്തീയ ദേവാലയങ്ങൾ അടഞ്ഞു കിടക്കുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓൺലൈനായി രജിസ്റ്റർ ചെയ്ത ഇടവകാംഗങ്ങൾക്ക് മാത്രമാണ് സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെള്ളിയാഴ്ച നടന്ന ആരാധനയിൽ പങ്കെടുക്കാൻ അവസരം നൽകിയത്. മാസ്കും കൈയുറകളും ധരിച്ചാണ് വിശ്വാസികൾ എത്തിയത്. ശരീരോഷ്മാവ് പരിശോധിച്ചാണ് ദേവാലയത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്.
ഇടവക വികാരി ഫാ. ബെന്നി മാത്യു, സഹവികാരി ഫാ. പോൾ ജേക്കബ്, കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആരാധന ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.