ശ്രദ്ധേയനായ അധ്യാപകൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ, സാമൂഹിക സേവകൻ, എഴുത്തുകാരൻ, സാഹിത്യനിരൂപകൻ തുടങ്ങി സർവ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭയായിരുന്നു പ്രഫ. എം. കെ. സാനുവെന്ന് അബൂദബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി.കെ. മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
അബൂദബി ശക്തി അവാർഡ് മൂന്ന് തവണ കരസ്ഥമാക്കിയ എഴുത്തുകാരൻ എന്ന നിലയിൽ അബൂദബി ശക്തി തിയറ്റേഴ്സിനുള്ള ആദരവ് ഏറെയാണ്. 2012ൽ കർമ്മഗതി എന്ന സാനുമാഷുടെ ആത്മകഥക്കായിരുന്നു 26-ാമത് അബൂദബി ശക്തി അവാർഡ് ലഭിച്ചത്. അന്ന് ഇദ്ദേഹം ഉൾപ്പെടെ അവാർഡ് ലഭിച്ച 10 പേരെയും അബൂദബിയിലെത്തിച്ച് പുരസ്കാരം സമ്മാനിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ സൗഭാഗ്യമായി കാണുന്നു. അബൂദബി ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് കെ.വി. ബഷീർ, ജനറൽ സെക്രട്ടറി എ.എൽ. സിയാദ് എന്നിവർ അനുസ്മരിച്ചു. 2014ൽ സമഗ്ര സംഭാവനക്ക് അബൂദബി ശക്തി ടി.കെ രാമകൃഷ്ണൻ പുരസ്കാരം കണ്ണൂരിൽ വെച്ചും, 2021ൽ കേസരി, ഒരു കാലഘട്ടത്തിന്റെ സൃഷ്ടി എന്ന കൃതിക്ക് ലഭിച്ച അബൂദബി ശക്തി എരുമേലി പുരസ്കാരം എറണാകുളത്ത് വെച്ചും പ്രഫ. എം.കെ. സാനുവിന് കൈമാറി.
ഇരുപതോളം കൃതികൾ മലയാള സാഹിത്യത്തിന് സംഭാവന ചെയ്ത പ്രൊഫ. എം. കെ. സാനു മാഷ് മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക കേരളത്തിന്റെയും ശബ്ദമായി മാറാൻ കഴിഞ്ഞ അപൂർവ്വം പ്രതിഭകളിലൊരാളാണെന്ന് മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടിയും സെക്രട്ടറി ബിജിത് കുമാറുംഅനുസ്മരിച്ചു.
ഫുജൈറ: പ്രഭാഷകൻ, എഴുത്തുകാരൻ, നിരൂപകൻ, അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ മലയാളിയെ ഏറെ സ്വാധീനിച്ച പ്രഫ. എം.കെ. സാനു മാഷിന്റെ നിര്യാണത്തിൽ കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ അനുശോചനം രേഖപ്പെടുത്തി. സാനുമാഷ് മലയാളത്തിന്റെ അക്ഷരവെളിച്ചമായിരുന്നുവെന്ന് ലോക കേരളസഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി, പ്രസിഡൻറ് വിത്സൺ പട്ടാഴി, സന്തോഷ് ഓമല്ലൂർ എന്നിവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.