സാങ്കേതികത്തികവിന്‍റെ മേളക്ക് സമാപനം; എത്തിയത് 1.38 ലക്ഷം സന്ദർശകർ

ദുബൈ: കഴിഞ്ഞ അഞ്ചുദിവസമായി ഡിജിറ്റൽ ലോകം ഒന്നടങ്കം ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലായിരുന്നു. കുഞ്ഞൻ ബാറ്ററി മുതൽ പറക്കും കാർ വരെ അണിനിരത്തിയ അന്താരാഷ്ട്ര സാങ്കേതിക വിദ്യയുടെ വിശ്വമേളക്ക് (ജൈടെക്സ്) കൊടിയിറങ്ങിയപ്പോൾ ഒഴുകിയെത്തിയത് 1.38 ലക്ഷം പേർ, ഒപ്പുവെച്ചത് കോടികളുടെ കരാർ. ജൈടെക്സിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് ഇത്തവണയാണെന്ന് സംഘാടകർ അവകാശപ്പെട്ടു. ഇതുവരെ നടന്ന ജൈടെക്സിൽ ഏറ്റവും വലതും മികച്ചതുമെന്ന പേരോടെയാണ് ജൈടെക്സ് സമാപിച്ചത്.

അവസാന ദിനം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മേള സന്ദർശിക്കാനെത്തി. യു.എ.ഇ ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഒപ്പമുണ്ടായിരുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 5000ത്തോളം സ്ഥാപനങ്ങൾക്ക് ആഘോഷമായിരുന്നു കഴിഞ്ഞ അഞ്ചുദിവസം. തങ്ങളുടെ ഉൽപന്നങ്ങൾ ലോകത്തിന് പരിചയപ്പെടുത്താനും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടെത്തിയവർക്ക് ജൈടെക്സ് നിരാശ സമ്മാനിച്ചില്ല. ദുബൈയിലെ സർക്കാർ സ്ഥാപനങ്ങളും കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളുമെല്ലാം ലക്ഷങ്ങളുടെയും കോടികളുടെയും കരാറുകൾ ഒപ്പുവെച്ചു.ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) വിവിധ കമ്പനികളുമായി അഞ്ച് കരാറുകളാണ് ഒപ്പുവെച്ചത്. വിവിധ സ്ഥാപനങ്ങൾക്ക് വിദേശ മാർക്കറ്റ് കണ്ടെത്താനും ജൈടെക്സ് വഴിതെളിച്ചു.

വീട്ടിലിരുന്ന് എമിറേറ്റ്സ് ഐ.ഡി എടുക്കാം, ഫേസ് ഐ.ഡി ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി വിസക്ക് അപേക്ഷിക്കാം തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങളുടെ പ്രഖ്യാപനവും ഇതിന്‍റെ സാങ്കേതിക വിദ്യയുടെ അവതരണവും ജൈടെക്സിലാണ് അരങ്ങേറിയത്. കഴിഞ്ഞ വർഷം ലക്ഷം സന്ദർശകരാണ് ജൈടെക്സിലെത്തിയതെങ്കിൽ ഇത്തവണ 38,000ത്തോളം പേർ അധികമായി സന്ദർശിച്ചു. അഞ്ചുദിവസം കൊണ്ട് കണ്ടുതീർക്കാൻ കഴിയാത്തത്ര വിസ്മയക്കാഴ്ചകളാണ് ജൈടെക്സ് ഒരുക്കിയത്. ചിത്രം വരക്കുന്ന റോബോട്ട്, പറക്കും കാർ, തീയണക്കുന്ന ഫയർ ഫൈറ്റർ റോബോട്ട്, രോഗികളെ ചികിത്സിക്കുന്ന റോബോട്ട്, ആളില്ലാ ടാക്സി, ഇലക്ട്രിക് വാഹനങ്ങൾ, ഗെയിമിങ് വിസ്മയങ്ങൾ, അത്യാധുനിക സുരക്ഷ കാമറ തുടങ്ങി സാങ്കേതിക വിദ്യയുടെ അത്ഭുതലോകമാണ് ഒരുക്കിയിരുന്നത്.

ജൈടെക്സിലെ തിരക്ക് എത്രത്തോളമുണ്ടെന്ന് പുറത്തുനിന്ന് നോക്കിയാൽ തന്നെ മനസ്സിലാകുമായിരുന്നു. പാർക്കിങ് ലഭിക്കാൻ രണ്ട് മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു. സാങ്കേതിക വിദ്യയുടെ മേഖലയിൽ പരിധിയില്ലാത്ത അവസരങ്ങൾ തുറക്കാൻ ജൈടെക്സ് ഉപകരിക്കുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. സാങ്കേതിക വിദ്യയുടെ പ്രധാന ആഗോള കേന്ദ്രമെന്ന നിലയിൽ ഇത്തരം മേളകൾ ദുബൈക്ക് ഗുണം ചെയ്യും. ആശയങ്ങൾക്കും സംശയങ്ങൾക്കും പരിഹാരം നൽകുന്ന പരീക്ഷണശാലയായി ദുബൈ മാറിയിരിക്കുന്നുവെന്നും ഹംദാൻ പറഞ്ഞു.

കേരളത്തിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും 200ഓളം കമ്പനികൾ പങ്കെടുത്തു. കേരളത്തിൽനിന്ന് സ്റ്റാർട്ടപ് മിഷന് കീഴിൽ 40 സ്റ്റാർട്ടപ്പുകളും ഐ.ടി മിഷന്‍റെ നേതൃത്വത്തിൽ 30 സ്ഥാപനങ്ങളും പങ്കെടുത്തു. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 25 ഹാളിലായിരുന്നു പരിപാടി. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം ഭാഗം കൂടുതൽ ഒരുക്കിയിരുന്നു.

Tags:    
News Summary - Concluding the fair of technology; 1.38 lakh visitors arrived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.