ഷാർജ: ഹൃദയങ്ങൾ ഒത്തുചേരുന്ന ആഘോഷ രാവിനായുള്ള യു.എ.ഇയിലെ പ്രവാസി മലയാളികളുടെ കാത്തിരിപ്പിന് വെള്ളിയാഴ്ച വിരാമമാകും. ഗൾഫ് മാധ്യമം അവതരിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ സാംസ്കാരിക, വിനോദ, വിജ്ഞാന, വാണിജ്യ മഹാമേളയായ ‘കമോൺ കേരളയുടെ’ ആറാം എഡിഷന് വെള്ളിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ തുടക്കമാവും.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിന് കീഴിൽ ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹകരണത്തോടെയാണ് ആറാമത്തെ ആഘോഷപ്പെരുന്നാളിന് അരങ്ങുണരുന്നത്. രാവും പകലും വിനോദവും വിജ്ഞാനവും വാണിജ്യവും സംയോജിപ്പിച്ച പ്രദർശനങ്ങളും കുട്ടികൾക്കും കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും പ്രഗത്ഭ ഗായകരും സിനിമ താരങ്ങളും പങ്കെടുക്കുന്ന സംഗീത വിരുന്നുമടക്കം വൈവിധ്യമാർന്ന പരിപാടികളാണ് സന്ദർശകർക്കായി ഇത്തവണയും ഒരുക്കിയിരിക്കുന്നത്. ജനപ്രിയ സിനിമകളിലൂടെ മലയാള പ്രേക്ഷകരുടെ ഹൃദയം കവർന്ന് വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുന്ന നിവിൽ പോളിയും പാർവതി തിരുവോത്തും വ്യത്യസ്ത ദിവസങ്ങളിലായി മേളയുടെ വേദിയിലെത്തും. മൂന്നു ദിവസവും കുട്ടികൾക്കായി വൻ സന്നാഹത്തോടെ ‘ലിറ്റിൽ ആർട്ടിസ്റ്റ്‘ ചിത്രരചന മത്സരം ഒരുക്കിയിട്ടുണ്ട്.
മലയാളത്തിലെ പ്രഗത്ഭ സംവിധായകരായ ബ്ലസിയും സലീം അഹമ്മദും പങ്കെടുക്കുന്ന ‘ലൈറ്റ്സ്, കാമറ, ആക്ഷൻ’ എന്ന സിനിമാപ്രേമികൾക്കായി ഒരുക്കിയ സെഷൻ ഇത്തവണത്തെ പുതുമയാണ്. പാട്ടു പാടി സമ്മാനം വാങ്ങാൻ അവസരമൊരുക്കുന്ന ‘സിങ് ആൻഡ് വിൻ’, പാചക കലയിലെ മിടുക്ക് തെളിയിക്കാൻ അവസരമൊരുക്കുന്ന ‘ഡസർട്ട് മാസ്റ്റർ’ മത്സരം, സ്റ്റെഫി സേവ്യർ നേതൃത്വം നൽകുന്ന ഫാഷൻ മേഖലയെ അടയാളപ്പെടുത്തുന്ന ‘ഫാഷൻ ഫ്യൂഷൻ’ സെഷൻ, ഷെഫ് പിള്ള നേതൃത്വം നൽകുന്ന ‘ഷെഫ് മാസ്റ്റർ’, സ്ത്രീകൾക്ക് പ്രവാസ ലോകത്ത് പരീക്ഷിക്കാവുന്ന സംരംഭങ്ങൾ പരിചയപ്പെടുത്തുന്ന ‘ഷീ വെൻച്വർസ്’ എന്നിങ്ങനെ വിവിധ പരിപാടികൾ പകൽ സമയങ്ങളിൽ അരങ്ങേറും.
അനുദിനം കുതിച്ചുയരുന്ന പ്രോപർട്ടി മേഖലയിലെ പ്രശസ്തർ പങ്കെടുക്കുന്ന പ്രോപർട്ടി ഷോ, യാത്ര മേഖലയിലെ സംരംഭകർ ആകർഷകമായ ഓഫറുകളുമായി പങ്കെടുക്കുന്ന ‘ഡ്രീം ഡെസ്റ്റിനേഷൻ’ രുചി വൈവിധ്യങ്ങളെ പ്രതിനിധാനംചെയ്യുന്ന സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ‘ടേസ്റ്റി ഇന്ത്യ’ എന്നിങ്ങനെ പ്രദർശകരുടെ നിര നീണ്ടതാണ്.
ആദ്യ ദിനത്തിലെ സംഗീതരാവിൽ ഇതിഹാസ സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ ഗാനങ്ങൾ വേദിയിൽ അവതരിപ്പിക്കുന്ന ‘റഹ്മാനിയ’ അരങ്ങേറും. രണ്ടാം ദിനത്തിലാണ് പാർവതി തിരുവോത്ത് കമോൺ കേരള വേദിയിലെത്തുന്നത്. മലയാളി എക്കാലവും താലോലിക്കുന്ന മെലഡികൾ കോർത്തിണക്കിയ ‘വേവ്സ് ഓഫ് മെമറീസ്’ രണ്ടാം ദിനത്തിലെ സംഗീതനിശയെ അവിസ്മരണീയമാക്കും. നിവിൻ പോളി വേദിയിലെത്തുന്ന മൂന്നാം ദിനത്തിൽ എക്കാലത്തേയും മധുര ഗാനങ്ങൾ കോർത്തിണക്കിയ ‘ബീറ്റ്സ് ഓഫ് കേരള’ പെയ്തിറങ്ങും. മേളയുടെ സമാപന ദിവസമായ ജൂൺ ഒമ്പതിന് പ്രമുഖർ പങ്കെടുക്കുന്ന വേദിയിൽ ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.