ദുബൈ: സാമ്പത്തിക തട്ടിപ്പുകേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി വീണ്ടും ദുബൈയിലെത്തി. ബിനോയിക്ക് യു.എ.ഇയിൽ കടക്കാനാവില്ലെന്ന തരത്തിൽ പ്രചാരണം ശക്തമാകവെയാണ് ബിനോയി ഇവിടെ എത്തിയിരിക്കുന്നത്. തനിക്കെതിരെ യു.എ.ഇയില്‍ കേസുകളൊന്നും നിലവിലില്ലെന്ന് ബിനോയ് കോടിയേരി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇത് സാധൂകരിക്കുന്ന രേഖകളും പുറത്ത് വിട്ടിരുന്നു. ആരോപണം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിൽ ഇടനിലക്കാരുമായി ചേർന്ന് പ്രശ്നപരിഹാരത്തിന് നീക്കം തുടങ്ങിയിട്ടുമുണ്ട്. ഒരാഴ്ച ദുബൈയിൽ തങ്ങി നാട്ടിലേക്ക് മടങ്ങുകയാണ് ലക്ഷ്യം. തനിക്ക് യു.എ.ഇയിൽ യാത്രാവിലക്കില്ലെന്ന് ദുബൈ സന്ദർശനത്തിലൂടെ ബിനോയിക്ക് തെളിയിക്കാനായി.
ചെക്ക് മടങ്ങിയതു സംബന്ധിച്ച ക്രിമിനൽ കേസിൽ ബിനോയിക്കു കോടതി അറുപതിനായിരം ദിർഹം ശിക്ഷ വിധിച്ചിരുന്നു. തുക അടച്ചതോടെ ക്രിമിനൽ കേസിൽ നിന്ന് േമാചിതനായി. പണം തിരിച്ചുകിട്ടാൻ പരാതിക്കാരൻ ഇനി പ്രത്യേകം സിവിൽ കേസ് ഫയൽ ചെയ്യണം. അതിന് പുതിയ തെളിവുകൾ ഹാജരാക്കണം. പണം മടക്കി തന്നില്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കുമെന്ന് യു.എ.ഇ പൗരൻ ഹസൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനായി അടുത്ത തിങ്കളാഴ്ച തിരുവനന്തപുരം പ്രസ്ക്ലബിൽ പത്രസമ്മേളനവും വിളിച്ചിട്ടുണ്ട്. ഇൗ പശ്ചാത്തലത്തിലാണ് ബിനോയ് ദുബൈയിലെത്തിയിരിക്കുന്നത്. എവിടെയാണെന്ന് പോലും അറിയാത്ത വിധം അതീവ രഹസ്യമായാണ് കാര്യങ്ങൾ നീക്കുന്നത്. മാധ്യമപ്രവർത്തകരോട് പ്രതികരിക്കാനും തയാറായില്ല. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ദുബൈയിലെ പ്രമുഖ അഭിഭാഷക സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തിവരികയാണെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.