ദുബൈ സഫാരി പാർക്കിൽ സന്ദർശനത്തിനിടെ അദീൽ
ദുബൈ: നഗരം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച അർബുദ ബാധിതയായ ബാലികക്ക് സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
വേദനക്കിടയിലും ദുബൈ നഗരം കാണാൻ കൊതിച്ച ഒമ്പതുകാരിയായ അദീൽ ഷെസ്തോവ്സ്ക്യ എന്ന ഫിൻലൻഡ് ബാലികയാണ് ദുബൈയിലെത്തിയത്. അദീലിന്റെ സ്വപ്നത്തെക്കുറിച്ചറിഞ്ഞ ശൈഖ് ഹംദാൻ അവൾക്കും കുടുംബത്തിനും ദുബൈ സന്ദർശിക്കാൻ അവസരമൊരുക്കുകയായിരുന്നു. വിമാനത്തിൽനിന്ന് ഇറങ്ങുമ്പോൾതന്നെ ഹൃദ്യമായ വരവേൽപാണ് ബാലികക്കും കുടുംബത്തിനും ദുബൈ അധികൃതർ ഒരുക്കിയത്.
എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വേഷമിട്ട മാസ്കോട്ടുകൾ എയർവേ ബ്രിഡ്ജിലെത്തി അവളെയും കുടുംബത്തെയും സ്വീകരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. പിന്നീട് അവിടെനിന്ന് പ്രത്യേക വാഹനത്തിൽ ദുബൈ സഫാരി പാർക്കിലേക്ക് എത്തിച്ചു. മൃഗങ്ങൾക്കും പക്ഷികൾക്കുമൊപ്പം കളിച്ചശേഷം പിന്നീട് ഫ്യൂച്ചർ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. യാത്രക്കിടയിൽ അദീലയുടെ ആരോഗ്യനില പരിശോധിക്കാൻ സംവിധാനങ്ങളൊരുക്കിയിരുന്നു.
ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ(ജി.ഡി.ആർ.എഫ.എ) ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ മേൽനോട്ടത്തിലാണ് സന്ദർശനം ഒരുക്കിയത്. കുട്ടിക്കും കുടുംബത്തിനും അവിസ്മരണീയമായ അനുഭവം സമ്മാനിക്കുന്നതിന് ശൈഖ് ഹംദാൻ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിൽ അഭിമാനമുണ്ടെന്ന് ലഫ്. ജനറൽ അൽ മർറി പറഞ്ഞു.
ദുബൈയിൽ എല്ലാ സന്ദർശകർക്കും താമസക്കാർക്കും ഏറ്റവും മികച്ച അനുഭവം സമ്മാനിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയും കുടുംബവും മടങ്ങുമ്പോൾ വിമാനത്താവളത്തിൽ യാത്രയയക്കാൻ ഡയറക്ടർ നേരിട്ടെത്തുകയും ചെയ്തു. വേദനകൾക്കിടിയിലും പുഞ്ചിരിക്കുന്ന മുഖവുമായാണ് അദീൽ ഫിൻലാന്റിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.