ഡോ.രഞ്ജു പ്രേം

അപകടത്തിൽ ഗുരുതര പരിക്കേറ്റയാളുടെ മുഖം പുനർനിർമിച്ച് ആസ്റ്റർ

ദുബൈ: അപകടത്തെത്തുടർന്ന് ജീവന് ഭീഷണിയാകുന്ന നിലയിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ 42 കാരനായ ഇന്ത്യക്കാരന് വിജയകരമായ ചികിത്സ ലഭ്യമാക്കി ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂലിലെ ഡോക്ടർമാർ. അപകടത്തെ തുടർന്ന് ആഴത്തിൽ മുറിവുകൾ, കനത്ത രക്തസ്രാവം, ഇരട്ട കാഴ്ച, ശ്വസന ബുദ്ധിമുട്ട്, മുഖത്തെ ഞരമ്പുകളുടെ ബലഹീനത എന്നിവയോടെയാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ താടിയെല്ല്, കവിൾത്തടങ്ങൾ, മൂക്കിലെ അസ്ഥികൾ, കണ്ണിന്റെ സോക്കറ്റുകൾ എന്നിവയിൽ ഗുരുതരമായ ഒടിവുകളും പല്ലുകളുടെ കേടുപാടുകളും കണ്ടെത്തി.

ഹോസ്പിറ്റലിലെ ഓറൽ ആൻഡ് മാക്സില്ലോഫേഷ്യൽ സർജറിയിലെ ലീഡ് സർജൻ ഡോ. രഞ്ജു പ്രേമിന്റെ നേതൃത്വത്തിൽ ജനറൽ അനസ്തേഷ്യയിൽ നടത്തിയ ദീർഘ ശസ്ത്രക്രിയയിൽ ഓപ്പൺ റിഡക്ഷൻ ആൻഡ് ഇന്റേണൽ ഫിക്സേഷൻ എന്ന രീതി ഉപയോഗിച്ച് തകർന്ന അസ്ഥികൾ പുനഃസ്ഥാപിക്കുകയും ടൈറ്റാനിയം പ്ലേറ്റുകളും സ്ക്രൂകളും ഉപയോഗിച്ച് സ്ഥിരപ്പെടുത്തുകയും ചെയ്തു. കണ്ണ് സോക്കറ്റുകളുടെ പുനർനിർമ്മാണവും മൂക്കിന്റെ ഘടന പുനഃസ്ഥാപിക്കുകയും ചെയ്തതോടൊപ്പം കേടായ അസ്ഥി ശകലങ്ങളും പല്ലുകളും നീക്കം ചെയ്തു. അഭിഷേക് ജെ. നാരായൺ, ഡോ. ജവാദ് ഇബ്നു മുഹമ്മദ് എന്നിവരുടെ അനസ്തേഷ്യ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം കാർഡിയോളജി, നെഫ്രോളജി വിഭാഗങ്ങളുടെ പിന്തുണയോടെ നാല് ദിവസം ഐ.സി.യുവിൽ നിരീക്ഷണത്തിലായിരുന്ന രോഗി പിന്നീട് ക്രമേണ സാധാരണ ഭക്ഷണവും പ്രവർത്തനങ്ങളും ആരംഭിച്ചു. ഏകദേശം രണ്ടാഴ്ചക്കുശേഷം ആരോഗ്യ നില സ്ഥിരത കൈവരിച്ചതോടെ ഡിസ്ചാർജ് ചെയ്തു. അസാധാരണമായ വെല്ലുവിളിയുയർത്തുന്ന കേസായിരുന്നുവെന്ന് ഡോ.രഞ്ജു പ്രേം പറഞ്ഞു. രോഗിയുടെ മുഖത്തിന്റെ രൂപവും പ്രവർത്തനവും പുനഃസ്ഥാപിക്കുന്നതിന് വിവിധ മെഡിക്കൽ വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള സൂക്ഷ്മമായ ആസൂത്രണവും കൃത്യതയും തടസ്സമില്ലാത്ത നടപടിക്രമങ്ങളും ആവശ്യമായിരുന്നു.

മൻഖൂലിലെ ആസ്റ്റർ ആശുപത്രിയുടെ ഉയർന്ന നിലവാരത്തിലുള്ള പരിചരണ മികവും ക്ലിനിക്കൽ വൈദഗ്ധ്യവും ഈ കേസ് വ്യക്തമാക്കുന്നതായും ഡോ.രഞ്ജു പ്രേം കൂട്ടിച്ചേർത്തു. ആസ്റ്റർ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ജീവിതത്തെ മാറ്റിമറിച്ചുവെന്ന് മെഡിക്കൽ ടീമിന് നന്ദി അറിയിച്ചുകൊണ്ട് രോഗി വ്യക്തമാക്കി. മുഖവും താടിയെല്ലും പുനഃസ്ഥാപിക്കുക മാത്രമല്ല, എന്റെ ആത്മവിശ്വാസവും സാധാരണ ജീവിതത്തിനുള്ള മടങ്ങിവരവും സാധ്യമാക്കി. മെഡിക്കൽ ടീമിന്റെ വൈദഗ്ധ്യത്തിനും കരുതലിനും ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Aster reconstructs the face of a man seriously injured in an accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.