അജ്മാന്‍: അജ്മാൻ ടൂറിസം വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് ഏഷ്യൻ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് ചാമ്പ്യൻഷിപ് ചൊവ്വാഴ്ച സമാപിക്കും.
അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തില്‍ ഞായറാഴ്ച ആരംഭിച്ച ചാമ്പ്യൻഷിപ് എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററിലാണ് നടക്കുന്നത്. ഏഷ്യൻ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് ചാമ്പ്യൻഷിപ് ആദ്യമായി അജ്മാൻ ആതിഥേയത്വം വഹിക്കുന്നതിൽ അജ്മാൻ ടൂറിസം വികസന വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി അഭിമാനം പ്രകടിപ്പിച്ചു. ഈ പരിപാടി ആഗോള കായിക സമൂഹത്തിന്റെ ശ്രദ്ധ എമിറേറ്റിലേക്ക് ആകർഷിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂറിസം വികസന വകുപ്പ് ആതിഥേയത്വം വഹിച്ച ഔദ്യോഗിക ഉദ്ഘാടന ചടങ്ങോടെയാണ് ചാമ്പ്യൻഷിപ് ആരംഭിച്ചത്. ക്ലാസിക് ബോഡി ബിൽഡിങ്(ജൂനിയേഴ്‌സ്, പുരുഷന്മാർ, മാസ്റ്റേഴ്‌സ്), വനിതാ അക്രോബാറ്റിക്സ്, വനിത ആർട്ടിസ്റ്റിക് ഫിറ്റ്‌നസ്, ഫിറ്റ് മോഡൽ (സ്ത്രീകൾ, ജൂനിയേഴ്‌സ്, മാസ്റ്റേഴ്‌സ്), പുരുഷന്മാരുടെ ഫിറ്റ്‌നസ്, വനിത, മാസ്റ്റേഴ്‌സ് ഫിസിക്, വനിതാ ഫിറ്റ് മോഡൽ, വനിത ഫിസിക്, ബോഡി ഫിറ്റ്‌നസ് (സ്ത്രീകൾ, ജൂനിയേഴ്‌സ്, മാസ്റ്റേഴ്‌സ്), വനിത ബോഡി ഫിറ്റ്‌നസ്, വനിതാ, ജൂനിയേഴ്‌സ് വെൽനസ്, ഓപൺ ഫിറ്റ് പെയേഴ്‌സ്, ബിക്കിനി (ജൂനിയേഴ്‌സ്, സ്ത്രീകൾ) എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.
23 ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള അത്‌ലറ്റുകൾ ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. ബോഡി ബിൽഡിങിന് വലിയ പിന്തുണ നൽകുന്നതിലും യുവതലമുറയെ അത് പരിശീലിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലും അജ്മാൻ എമിറേറ്റ് നടത്തിയ ശ്രമങ്ങളെ ഐ.എഫ്.ബി.ബി ഇന്റർനാഷനൽ ഫിറ്റ്നസ് ആൻഡ് ബോഡി ബിൽഡിംഗ് ഫെഡറേഷൻ പ്രസിഡന്റ് ഡോ. റാഫേൽ സാന്റോഞ്ച പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.