ഷാർജ: എമിറേറ്റിലെ അൽ ഹംരിയ തുറമുഖത്തുണ്ടായ തീപിടിത്തം 24 മണിക്കൂർ പ്രയത്നത്തിലൂടെ പൂർണമായും അണച്ചു. ശനിയാഴ്ച രാവിലെയുണ്ടായ തീപിടിത്തം പ്രത്യേക ടീമിന്റെ പ്രയത്നത്തിൽ ഞായറാഴ്ച രാവിലെ 6.25നാണ് പൂർണമായും അണച്ചതെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫും ലോക്കൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം മേധാവിയുമായ മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ പ്രസ്താവനയിൽ പറഞ്ഞു.
തീയണച്ച ശേഷം മേഖലയിൽ കൂളിങ് പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. തീ വീണ്ടും ഉയരുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂളിങ് നടത്തുന്നത്. ഈ നടപടികൾ അവസാനിച്ച ശേഷം പ്രദേശം പൂർണമായും സുരക്ഷിതമാക്കിയ ശേഷം ഫോറൻസിക്, സാങ്കേതിക സംഘത്തിന്റെ നേതൃത്വത്തിൽ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ വിപുലമായ പരിശോധന നടത്തും. ഇതിന് ശേഷമായിരിക്കും വലിയ അഗ്നിബാധക്ക് കാരണമെന്തെന്ന് അധികൃതർ പ്രഖ്യാപിക്കുക. ശനിയാഴ്ചത്തേത് എമിറേറ്റിലെ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ വ്യവസായിക തീപിടിത്തങ്ങളിൽ ഒന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
വളരെ വേഗത്തിൽ കത്തുന്ന പെട്രോകെമിക്കൽ വസ്തുക്കളുടെ സാന്നിധ്യമാണ് തീപടരാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്. തീജ്വാലകളും പുകയും സമീപ പ്രദേശങ്ങളിൽനിന്നുതന്നെ കാണാവുന്ന തരത്തിലാണ് ഉയർന്നത്. അഗ്നിബാധ റിപ്പോർട്ട് ചെയ്ത ഉടൻതന്നെ പ്രാദേശിക, ഫെഡറൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഏകോപിപ്പിച്ച അടിയന്തര ഇടപെടലാണ് നടന്നത്.
ഷാർജ സിവിൽ ഡിഫൻസ് ഫോം ടാങ്കറുകളും ഉയർന്ന ശേഷിയുള്ള വാട്ടർ പമ്പുകളും ഉൾപ്പെടെയുള്ള നൂതന അഗ്നിശമന ഉപകരണങ്ങൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു. ഷാർജ സിവിൽ ഏവിയേഷൻ അതോറിറ്റിയും ഷാർജ ഇന്റർനാഷനൽ എയർപോർട്ട് അതോറിറ്റിയും ഹെലികോപ്ടറുകളും എയർ ജെറ്റുകളും ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു.
പൊതുജന സുരക്ഷ ഉറപ്പാക്കാൻ ഷാർജ പൊലീസ് ചുറ്റുമുള്ള പ്രദേശങ്ങൾ വളയുകയും സമീപത്തെ കെട്ടിടങ്ങൾ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. സമീപ ഭാഗങ്ങളിൽ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ്, നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, അബൂദബി നാഷനൽ ഓയിൽ കമ്പനി എന്നിവയും ഉപകരണങ്ങൾ, ഉദ്യോഗസ്ഥർ, സാങ്കേതിക വൈദഗ്ധ്യം എന്നിവയിലൂടെ രക്ഷാപ്രവർത്തനത്തെ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.