അജ്മാന്:യു.എ.ഇയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ അജ്മാന് നഗരസഭ സുവർണ ജൂബിലിയുടെ നിറവില്‍. 1968 ല്‍ പ്രവര്‍ത്തനമാരംഭിച്ച അജ്മാന് നഗരസഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങൾ അജ്മാന് ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ രക്ഷാകര്‍ത്തൃത്വത്തിലാണ് അരങ്ങേറുന്നത്. എമിറേറ്റിെൻറ ജനസാന്ദ്രതക്കനുസൃതമായ വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നഗരസഭ വന്‍ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ദുബൈയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുടെ ഭാഗമായി താമസ കേന്ദ്രങ്ങള്‍ക്കുണ്ടായ നിരക്ക് വര്‍ധനവില്‍ നിന്ന് രക്ഷതേടി ജനങ്ങള്‍ വടക്കന്‍ എമിറേറ്റായ അജ്മാനിലേക്കാണ് ഒഴുകിയത്. അവസരം ശരിയാം വിധം ഉപയോഗപ്പെടുത്തിക്കൊണ്ട് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതില്‍ നഗരസഭ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇതിന്റെ ഫലമെന്നോണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിച്ച് ചാട്ടമാണ് അജ്മാന് കാഴ്ചവെച്ചത്. പരിസ്ഥിതി-സുരക്ഷാ മേഖലകളില്‍ പുലർത്തിയ പ്രത്യേക ശ്രദ്ധ, ഭക്ഷ്യ^ആരോഗ്യ മേഖലകളില്‍ ഉന്നത നിലവാരം കാത്തുസൂക്ഷിച്ചത്, സാങ്കേതിക വിദ്യയുടെ മികച്ച ഉപയോഗം, യോഗ്യരായ ഉദ്യോഗസ്ഥർ എന്നിവയെല്ലാം ഒത്തുചേർന്നതോടെ നഗരസഭ രാജ്യാന്തരതലത്തിലും പ്രാദേശികമായും നിരവധി പുരസ്കാരങ്ങളും നേടിയെടുത്തു.
അജ്മാനിലെ ഏറ്റവും പഴയ താമസ കേന്ദ്രമായ നുഐമിയയില്‍ പതിനഞ്ച് കോടി ദിര്‍ഹം ചിലവഴിച്ച് മുഴുവന്‍ റോഡുകളും നവീകരിക്കുകയും അഴുക്ക് ചാല് സംവിധാനം നവീകരിക്കുകയും ചെയ്ത് പൈതൃകഭംഗി നിലനിർത്തിക്കൊണ്ട് ആധുനികവത്കരണം സാധ്യമാക്കാനും കഴിഞ്ഞു. മുനിസിപ്പാലിറ്റി ആസൂത്രണ വകുപ്പിെൻറ ഏറ്റവും പ്രധാന നേട്ടങ്ങളിൽ ഒന്നാണ് അജ്മാൻ നഗരത്തിലെ സമഗ്ര നഗര പദ്ധതിയുടെ പൂർത്തീകരണം. അജ്മാെൻറ അകന്ന പ്രദേശങ്ങളായ മസ്ഫൂത്, മനാമ തുടങ്ങിയ ഗ്രാമങ്ങളില്‍ പോലും മികച്ച വികസനമെത്തിക്കാൻ മുനിസിപ്പാലിറ്റി ചെയര്മാന് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞു.
ഗതാഗതം, വാർത്താവിനിമയം, റോഡ് പദ്ധതികള്‍ തുടങ്ങിയവക്ക് മുന്തിയ പരിഗനന നല്കി. പ്രധാന നഗരങ്ങളില്‍ നിന്ന് വാഹന ഗതാഗതത്തിന് മികച്ച സേവനങ്ങള്‍ ഒരുക്കി. പുതുതായി നിലവില്‍ വന്ന നഗരങ്ങളിലേക്കും ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ദ്രുതഗതിയില്‍ ലഭ്യമാക്കി. പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതോടൊപ്പം പഴയ റോഡുകളെ കൂടുതല്‍ മികവുകളോടെ പുനര്‍ നിര്‍മ്മിച്ചു. വര്‍ധിച്ച് വരുന്ന താമസക്കാരുടെയും ജനസംഖ്യയുടേയും താൽപര്യം കണക്കിലെടുത്ത് ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ആവശ്യമായ പാലങ്ങളും കവലകളും നിര്‍മ്മിക്കുകയും ഇനിയും ആവശ്യമാണെന്ന് കണ്ടിടത്ത് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്നു. നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ ആവശ്യമായിടത്ത് പാര്‍ക്കിംഗ് സ്ലോട്ടുകള്‍ നിലവില്‍ വന്നു കഴിഞ്ഞു.
പൊതു ഗതാഗതത്തിന് ആവശ്യമായ ബസ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുകയും ജലഗതാഗത സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. മുപ്പതിനായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ആറു മില്യന്‍ ദിര്‍ഹം ചിലവില്‍ പുതിയ ബസ് സ്റ്റേഷനും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനോടു ചേര്‍ന്ന് പണികഴിയുന്നതോടെ പൊതു ഗതാഗത രംഗത്ത് വന്‍ മാറ്റം കൈവരിക്കാനാകും. അറേബ്യന്‍ ഗള്‍ഫിലെ ഏറ്റവും പുരാതന കെട്ടിടമായ അജ്മാന് മ്യുസിയം കൂടി ഉള്‍പ്പെടുന്ന പൈതൃക സമുച്ചയ നിര്‍മ്മാണം പുരോഗതിയിലാണ്.
അജ്മാന് ബീച്ചില്‍ നടത്തിയ സൗന്ദര്യവത്കരണം വന്‍തോതില്‍ സന്ദര്‍ശകരെ ആകർഷിക്കുന്നതിന് മുതല്‍കൂട്ടായി. നഗര വികസനത്തില്‍ നടത്തിയ കുതിച്ചുചാട്ടം അന്താരാഷ്ട്ര വന്‍കിട കമ്പനികളെ അജ്മാനിലേക്ക് ആകര്‍ഷിക്കാന്‍ ഇടനല്കി. സ്വദേശികളുടെ മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കുന്നതിനായി പുതിയ മേഖലകള്‍ കണ്ടെത്തി ലോകത്തെ ഏറ്റവും ആധുനിക സൗകര്യങ്ങള്‍ അടങ്ങിയ അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കി നല്കുന്നതില് നഗരസഭ വളയേറെ വിജയം കണ്ടു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കോംപ്ലക്സുകളും ആധുനിക റോഡുകളും ഈ പ്രദേശങ്ങളിലേക്ക് തയ്യാറാക്കി ആയിരക്കണക്കിന് സ്വദേശി കുടുംബങ്ങള്‍ക്ക് കൈമാറി ഈ മേഖലയിലും അജ്മാന് നഗരസഭ മികച്ച നേട്ടം കൈവരിച്ചു.
പുരോഗതിയുടെ പാതയിലും നൻമയുടെ ഇമറാത്തി മൂല്യങ്ങൾ കൈവിടാതെ മുന്നേറുന്നുവെന്നത് ഭരണാധികാരികളുടെ തിളക്കമേറ്റുന്നു. യുദ്ധം മൂലം കാലങ്ങളായി തമ്മിൽ കാണാൻ കഴിയാതിരുന്ന പിതാവിനെയും മകനെയും ഒന്നിപ്പിക്കാൻ അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി പുലർത്തിയ ഉത്സാഹമൊന്നുമതി ജനപ്രിയ നായകത്വം ബോധ്യപ്പെടാൻ. പുനസമാഗമത്തിന് വേദിയൊരുക്കിയത് തെൻറ പാലസിൽ തന്നെ. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിന് കിരീടാവകാശി ശൈഖ് അമ്മാർ പുലർത്തുന്ന ജാഗ്രതയും മഹനീയമാണ്. കുതിച്ചു മുന്നേറുന്ന രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ശക്തമായ സാന്നിധ്യമാവാൻ അജ്മാന് കഴിഞ്ഞത് രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ദർശനങ്ങളെ പിൻതുടർന്ന് ശൈഖ് ഹുമൈദും ശൈഖ് അമ്മാറും നടത്തിയ പരിശ്രമങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.