അജ്മാന്‍: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിൽ തകരാറിലായ വാഹനങ്ങൾക്ക് ഇൻഷൂറൻസ് ലഭിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള അജ്മാൻ പൊലീസ് ജനറൽ കമാൻഡ് സംരംഭം ആരംഭിച്ചതായി കോംപ്രിഹെൻസീവ് സിറ്റി പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ഗൈത്ത് ഖലീഫ അൽ കാബി അറിയിച്ചു.
പ്രതികൂല കാലാവസ്ഥ കാരണം കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്കോ നഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾക്കോ ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകുന്നതിലൂടെ ഇൻഷൂറൻസ് നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കാൻ സഹായകമാവും. എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ വെള്ളത്തിൽ അകപ്പെട്ട വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ട്രാഫിക്, സുരക്ഷാ പട്രോളിങ് ടീമുകൾ സമഗ്രമായ ഫീൽഡ് സർവേ നടത്തിയിരുന്നു.
ഇതിൽ ചില വാഹനങ്ങൾക്ക് ലൈസൻസ് പ്ലേറ്റുകൾ നഷ്ടപ്പെട്ടതായും മറ്റു ചിലതിന് തകരാറുകളോ കേടുപാടുകളോ സംഭവിച്ചതായും വ്യക്തമായി. അജ്മാൻ പൊലീസിന്‍റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയാണ് ഈ സേവനം ലഭ്യമാക്കിയത്. സേവനത്തിന്‍റെ 94 ശതമാനത്തിലധികവും ആപ്പ് വഴിയാണ് പൂർത്തിയാക്കിയത്. അജ്മാൻ പൊലീസ് നാശനഷ്ടങ്ങൾക്കും നഷ്ടങ്ങൾക്കും മുൻകൂട്ടി സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നുവെന്നും വാഹന ഉടമകൾക്ക് പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കാതെ തന്നെ ഡീലർഷിപ്പുകളിലോ ഇൻഷുറൻസ് കമ്പനികളിലോ അറ്റകുറ്റപ്പണി നടപടിക്രമങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കാൻ ഇത് സഹായിച്ചുവെന്നും കേണൽ ഗൈത്ത് ഖലീഫ അൽ കാബി കൂട്ടിച്ചേർത്തു. ഇത് സേവന സമയം ഗണ്യമായി കുറയ്ക്കുകയും പ്രക്രിയ സുഗമമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.