വ്യോമപാതയിൽ തിരക്ക്; വിമാന സർവിസുകൾ റദ്ദാക്കുന്നു; കേരളത്തിൽ നിന്ന് ആറ് സർവിസുകൾ റദ്ദാക്കി

ദുബൈ: ഇസ്രായേൽ -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന്​ ഗൾഫ്​ മേഖലയിലേക്കുള്ള വിമാനസർവിസുകൾ താളംതെറ്റുന്നു. എയർ ഇന്ത്യ എക്സ്പ്രസ് തിങ്കളാഴ്ച പുറപ്പെടേണ്ട വിമാനം ഉൾപ്പെടെ വിവിധ സർവിസുകൾ റദ്ദാക്കി. വിവിധ രാജ്യങ്ങൾ വ്യോമപാത അടച്ചതിനാൽ ഒമാൻ ആകാശപാതയിൽ തിരക്കേറിയതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. ചില സർവിസുകളുടെ സമയം മണിക്കൂറുകളോളം വൈകുന്നുമുണ്ട്​.

എയർ ഇന്ത്യ എക്സ്പ്രസ് മാത്രം ഗൾഫിലേക്കുള്ള ആറോളം സർവിസുകൾ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്​ച പുറപ്പെടേണ്ട കണ്ണൂർ -ഷാർജ വിമാനവും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ ​വ്യോമപാത അടച്ചിരിക്കുകയാണ്. നേരത്തെയുള്ള സംഘർഷത്തെ തുടർന്ന്​ ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താനും വ്യോമപാത അനുവദിക്കുന്നില്ല. ഈ വ്യോമപാതകൾ ഒഴിവാക്കി വിമാനങ്ങൾ പലതും ഒമാൻ വ്യോമപാതിയിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ഈ പാതയിൽ എയർട്രാഫിക് ഗണ്യമായി വർധിച്ചിട്ടുണ്ട്​.

ബുധനാഴ്ച പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബൈ വിമാനം, കൊച്ചി-ഷാർജ വിമാനം, കണ്ണൂർ-ഷാർജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങൾ എന്നിവ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. വിവിധ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ നാട്ടിലേക്കുള്ള സർവീസുകളും റദ്ദാക്കപ്പെടുന്നവയിൽ ഉൾപ്പെടും.

ബഹ്‌റൈൻ- കോഴിക്കോട്, കോഴിക്കോട്- ബഹ്‌റൈൻ സർവിസും റദ്ദാക്കിയിട്ടുണ്ട്​. കോഴിക്കോട്-കുവൈത്ത് സർവിസ് മൂന്നു മണിക്കൂറും, കണ്ണൂർ സർവീസ് മണിക്കൂറുകളും വൈകി. മസ്കത്ത്-കണ്ണൂർ, മസ്കത്ത്-കോഴിക്കോട് സർവീസുകളും വൈകി. അപ്രതീക്ഷിതമായി വിമാന സർവീസുകൾ താളം തെറ്റുന്നത് നിരവധി യാത്രക്കാരെയാണ്​ ബുദ്ധിമുട്ടിലാകും. പ്രത്യേകിച്ച്​ ഗൾഫിലെ വേനലവധിക്ക് കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങുന്ന സമയം കൂടിയാണ്​ എന്നതിനാൽ നിരവധി പേർക്ക്​ വലിയ പ്രയാസം സൃഷ്​ടിക്കും. മേഖലയിലെ സാഹചര്യത്തിന്​ അനുസരിച്ച്​ വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട്​ ഷെഡ്യൂൾ പരിശോധിക്കണമെന്ന്​ കഴിഞ്ഞ ദിവസം യു.എ.ഇ അധികൃതർ യാത്രക്കാരോട്​ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Airspace congestion; flight services canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.