റാസല്‍ഖൈമ: പതിവുപോലെ അവധിക്കാലത്തെ കുതിച്ചുയര്‍ന്ന വിമാനയാത്ര നിരക്കാണ് ഗള്‍ഫ് പ്രവാസി മലയാളികള്‍ക്കിടയിലെ ചര്‍ച്ച. കാലങ്ങളായി വിമാനക്കമ്പനികളുടെ മുറതെറ്റാതെയുള്ള തീരുമാനമാണ് അവധി-ആഘോഷാവസരങ്ങളിലെ യാത്രനിരക്ക് വര്‍ധന. ഈ ഘട്ടങ്ങളില്‍ സര്‍വ മാധ്യമങ്ങളുടെയും തലക്കെട്ടുകളും ചര്‍ച്ചകളും പ്രവാസികള്‍ക്ക് ഇരുട്ടടിയെന്നതില് കേന്ദ്രീകരിക്കും. ഭരണ-പ്രതിപക്ഷ പ്രവാസി കൂട്ടായ്മകളും കലാ-സാംസ്കാരിക സംഘങ്ങളും പ്രതിഷേധക്കുറിപ്പുകളുമായി രംഗം സജീവമാക്കും. നാടണയേണ്ടവരും തൊഴില്‍-ബിസിനസ് കേന്ദ്രങ്ങളില്‍ എത്തേണ്ട മധ്യവര്‍ഗവും ഉയര്‍ന്ന സ്ഥിതിയിലുള്ളവരും വന്‍തുക നല്കി യാത്ര തുടരും. മരണ-ചികിത്സ-ജോലി ആവശ്യങ്ങള്‍ക്ക് അടിയന്തര യാത്ര ആവശ്യംവരുന്ന സാധാരണക്കാരായ പ്രവാസികള്‍ കടുത്ത മാനസിക സംഘര്ഷത്തിലുമടിപ്പെടും.
ഇനിയും കരണീയമായ വിമാനയാത്രാനിരക്ക് ഏകീകരണത്തിന് അധികൃതരെ കൊണ്ട് നടപടിയെടുപ്പിക്കാന്‍ കാക്കത്തൊള്ളായിരം പ്രവാസി കൂട്ടായ്മകളും പൗരപ്രമുഖരുമടങ്ങുന്ന പ്രവാസി സമൂഹത്തിന് കഴിയുന്നില്ലെന്നത് നിരാശയുളവാക്കുന്നതാണെന്ന് സാമൂഹിക പ്രവര്ത്തകൻ എ.കെ. സേതുനാഥ് അഭിപ്രായപ്പെട്ടു. ബദല്‍ യാത്രാസംവിധാനത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് മാധ്യമങ്ങളും പ്രവാസി കൂട്ടായ്മകളും മുന്‍കൈയെടുക്കണം. ആഴ്ചകളോളം പുറം കടലിനോട് മല്ലിട്ട് ലോഞ്ചുകളില്‍ ദുരിതയാത്രക്കൊടുവില്‍ വിജയംവരിച്ച് വഴികാട്ടിയവരാണ് നമ്മുടെ മുന്‍ഗാമികള്‍.
അത്യാധുനിക സാങ്കേതികവിദ്യ കൈപ്പിടിയിലുള്ള പുതുലോകത്ത് വേഗത്തിലുള്ള കപ്പല്‍യാത്രാ സൗകര്യമൊരുക്കുന്നതിന് അധികൃതരില്‍ സമ്മര്‍ദം ചെലുത്തണം. ബദല്‍ യാത്രാസൗകര്യം ഒരുങ്ങുമ്പോള്‍ കരണീയമായ യാത്രനിരക്ക് ക്രമീകരിക്കാന്‍ വിമാനക്കമ്പനികള്‍ നിര്‍ബന്ധിതമാകുമെന്നും സേതുനാഥ് പറയുന്നു. അതേസമയം, ബേപ്പൂര്‍-കൊച്ചി-ദുബൈ യാത്രക്കപ്പല്‍ സര്‍വിസ് തുടങ്ങുന്നതിന് ചില കപ്പല്‍ കമ്പനികള്‍ സന്നദ്ധത അറിയിച്ചത് പ്രതീക്ഷ നല്‍കുന്നതാണെന്ന് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ (എം.ഡി.സി) പ്രസിഡന്റ് ഷവലിയാര്‍ സി.ഇ. ചാക്കുണ്ണി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. എം.ഡി.സിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഈ മേഖലയില്‍ പ്രമുഖ കപ്പല്‍ കമ്പനി നേരത്തേ സാധ്യതാ പഠനം നടത്തിയിരുന്നു. പഠന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിച്ചിരുന്നു.
ഗോവ കേന്ദ്രീകരിച്ച കപ്പല്‍ കമ്പനിയാണ് കേരളത്തില്‍നിന്ന് ദുബൈയിലേക്ക് കപ്പല്‍ സർവിസിന് സന്നദ്ധത അറിയിച്ചത്. 36 മണിക്കൂറാണ് ബേപ്പൂര്‍-ദുബൈ കപ്പല്‍ യാത്രക്ക് കണക്കാക്കുന്നത്. 5,000-7,000 രൂപ ടിക്കറ്റ് നിരക്കില്‍ 100 കിലോ ഗ്രാം ലഗേജും അനുവദിക്കാനാകുമെന്നാണ് കമ്പനി വക്താവ് അറിയിച്ചതെന്ന് ചാക്കുണ്ണി അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി ലഭിച്ചാല്‍ മാത്രമാണ് കപ്പല്‍ സര്‍വിസ് സാധ്യമാവുകയെന്ന് എം.ഡി.സി യു.എ.ഇ റീജനല്‍ കണ്‍വീനര്‍ സി.എ. ബ്യൂട്ടി പ്രസാദ് പറഞ്ഞു.
ബേപ്പൂര്‍ തുറമുഖ അധികൃതരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ് തുടങ്ങിയവയുടെ കോഴിക്കോട് സര്‍വിസ് നിര്‍ത്തിയത് മലബാര്‍ മേഖലയിലെ യാത്രികര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്. ഈ അവസരത്തില്‍ കപ്പല്‍യാത്രക്ക് അനുമതി ലഭിക്കാന്‍ അധികൃതര്‍ക്കു മുന്നില്‍ പ്രവാസി കൂട്ടായ്മകളും പൗരപ്രമുഖരും സമ്മര്‍ദം ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.