ദുബൈ: യാത്രക്കാരെ ദുരിതത്തിലാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ പതിവ് തുടരുന്നു. ഇന്നലെ വൈകുന്നേരം പുറപ്പെടേണ്ട കോഴിക്കോട് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. വിമാനത്തിൽ കയറ്റി ഇരുത്തിയ ശേഷമാണ് വിമാനം പുറപ്പെടുന്നില്ലെന്ന വിവരം യാത്രക്കാരെ അറിയിച്ചത്.
യാത്രക്കാർ പ്രതിഷേധിച്ചതോടെ രാത്രി 12 മണിയോടെ കൊച്ചിയിലേക്കുള്ള വിമാനത്തിൽ ഇവർക്ക് യാത്രയൊരുക്കി. കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര സൗകര്യം ഒരുക്കുമെന്ന വാഗ്ദാനത്തോടെയാണ് ഇവരെ കൊച്ചിയിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞ മാസവും എയർ ഇന്ത്യ വിമാനം ഒരുദിവസം മുഴുവൻ വൈകിയിരുന്നു. സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്.നൂറിലേറെ യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. പ്രായമായവരും കുട്ടികളും അടിയന്തരമായി നാട്ടിലെത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
രാത്രി കൊച്ചിയിലേക്കും മംഗലാപുരത്തേക്കും പോകുന്ന വിമാനങ്ങളിൽ പകരം യാത്രയൊരുക്കാമെന്ന് അധികൃതർ പറഞ്ഞെങ്കിലും യാത്രക്കാർ തയാറായില്ല. എന്നാൽ, കോഴിക്കോട് വിമാനത്തിന്‍റെ കാര്യത്തിൽ തീരുമാനമാകാതെ വന്നതോടെ ഇവർ കൊച്ചിക്ക് പോകാൻ സമ്മതിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് 28 മണിക്കൂറാണ് വിമാനം വൈകിയത്. ഉച്ചക്ക് 2.45ന് പുറപ്പെടേണ്ട വിമാനം തൊട്ടടുത്ത ദിവസം വൈകുന്നേരം 6.40നാണ് പുറപ്പെട്ടത്.
150ഓളം യാത്രക്കാർ ദുബൈ വിമാനത്താവളത്തിലും ഹോട്ടലിലുമായി ഒരു ദിവസം മുഴുവൻ കുടുങ്ങി. വിമാനത്തിൽ കയറ്റി മണിക്കൂറോളം എ.സി പോലും ഇടാതെ പൊരുംചൂടിൽ ഇരുത്തിയ ശേഷമാണ് തിരിച്ചിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.