ഡോ. ഷംഷീർ വയലിൽ

എയർ ഇന്ത്യ വിമാനാപകടം: ആറ്​ കോടി സഹായം പ്രഖ്യാപിച്ച്​ ഡോ. ഷംഷീർ വയലിൽ



കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ കുടുംബത്തിന്​ ഒരു കോടി രൂപ നൽകും

അബൂദബി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയർഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായ ബി.ജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്കും ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസമേകാൻ ആറു കോടി രൂപയുടെ(25ലക്ഷം ദിർഹം) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ. ബോയിങ്​ 787 വിമാനം ഇടിച്ചിറങ്ങി ജീവൻ നഷ്ടമായ എം.ബി.ബി.എസ് വിദ്യാർഥികളായ ജയപ്രകാശ് ചൗധരി, മാനവ് ഭാദു, ആര്യൻ രജ്പുത്, രാകേഷ് ദിഹോറ എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ഡോ. ഷംഷീർ സാമ്പത്തിക സഹായം നൽകും. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്‍ടമായ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതവും ലഭ്യമാക്കും.

മെഡിക്കൽ പഠന കാലത്ത് ഏറെ കൂടിച്ചേരലുകൾ നടക്കുന്ന ഹോസ്റ്റലും മെസ്സും നടുക്കുന്ന ദുരന്തത്തിന് വേദിയായത് ഞെട്ടിപ്പിച്ചതായി ഡോ. ഷംഷീർ പറഞ്ഞു. ഹോസ്റ്റലിൽ നിന്നുള്ള അപകട ദൃശ്യങ്ങൾ കണ്ടപ്പോൾ മംഗലാപുരത്തെ കസ്തൂർബ മെഡിക്കൽ കോളജിലും ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിലും സ്വന്തം മെഡിക്കൽ വിദ്യാഭ്യാസ സമയത്ത് സമാനമായ ഹോസ്റ്റലുകളിൽ താമസിച്ചിരുന്ന ഓർമകളാണ് മനസിലെത്തിയത്.

മെഡിക്കൽ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും അസാധാരണ സാഹചര്യം ദീർഘകാലമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചു -ഡോ. ഷംഷീർ കൂട്ടിച്ചേർത്തു. ദുരന്തബാധിതരായ വിദ്യാർഥികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ബി.ജെ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷനുമായി ചേർന്ന് സഹായം ആവശ്യമായവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വൈകാരിക പിന്തുണയ്‌ക്കൊപ്പം മെഡിക്കൽ സമൂഹം ഒറ്റക്കെട്ടായി ഇവർക്കും കുടുംബങ്ങൾക്കും ഒപ്പമുണ്ടെന്ന സന്ദേശം നൽകാനാണ് ഡോ. ഷംഷീർ സഹായത്തിലൂടെ ലക്ഷ്യമിടുന്നത്.

2010ലെ മംഗലാപുരം വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ഡോ. ഷംഷീർ സാമ്പത്തിക, വിദ്യാഭ്യാസ സഹായവും യു.എ.ഇയിൽ ജോലിയും നൽകിയിരുന്നു. നിപ, കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ സഹായം നിർണായകമായിട്ടുണ്ട്.

Tags:    
News Summary - Air India plane crash: Dr. Shamsheer Vayalil announces Rs 6 crore assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.