ഐ.കെ.ടി

ഇസ്മായിൽ

മൂന്നരപ്പതിറ്റാണ്ടിന്‍റെ പ്രവാസം: ‘ഐ.കെ.ടി’ മടങ്ങുന്നു

അബൂദാബി: ഏതാണ്ട്​ മൂന്നര പതിറ്റാണ്ട്​ നീണ്ട പ്രവാസ ജീവിതത്തിന്​ വിരാമമിട്ട്​ നാദാപുരം തൂണേരി സ്വദേശി ഐ.കെ.ടി ഇസ്മായിൽ നാട്ടിലേക്ക്​ മടങ്ങി. എഴുത്തും വായനയും റേഡിയോയും പുതിയ കാലത്തെ സാമൂഹിക മാധ്യമവുമൊക്കെ കൂട്ടുപിടിച്ച് മടുപ്പില്ലാതെ 34 വർഷത്തെ പ്രവാസം ധന്യമാക്കിയയാണ്​ മടക്കം. നിലവിൽ പത്ത് വർഷത്തിലധികമായി അബൂദാബി അൽ മദീന ഗ്രൂപ്പിൽ റെസ്റ്റോന്‍റ്​ മാനേജർ ആയി ജോലി ചെയ്ത് വരികയാണ്.

സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമിടയിൽ ‘ഐ.കെ.ടി’ എന്ന പേരിൽ അറിയപ്പെടുന്ന ഇസ്മായിൽ യു.എ.ഇയിൽ പ്രവാസമാരംഭിക്കുന്നത്​ 1992ലാണ്. നാട്ടിൽ ‘മാധ്യമം’ പത്രത്തിന്‍റെ പ്രാദേശിക ലേഖകനായിരിക്കെയാണ്​ പ്രവാസത്തിന്‍റെ തുടക്കം. രണ്ട് പതിറ്റാണ്ട് കാലം ജബൽ അലി ഫ്രീ സോണിലെ ശീഷ് മഹൽ റെസ്റ്റോറന്‍റിലും തുടർന്ന് ഏതാനും വർഷക്കാലം അതേ പേരിൽ റാസൽ ഖൈമയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്‍റിലും ജോലി ചെയ്ത ശേഷമാണ് 2016 അൽ മദീന ഗ്രൂപ്പിന്‍റെ ഭാഗമാവുന്നത്​. പ്രവാസികൾക്കിടയിൽ മലയാളം റേഡിയോ കയ്യടക്കിയ തൊണ്ണൂറുകളിലും തുടർന്നും ഇദ്ദേഹമെഴുതിയ ഒട്ടേറെ കുറിപ്പുകൾ ശബ്ദാവിഷ്കാരമായി പുറത്ത് വന്നിരുന്നു. ഗൃഹാതുരത നിറഞ്ഞു നിൽക്കുന്നതായിരുന്നു അതിൽ പലതും.

അതോടൊപ്പം ഗൾഫ് മാധ്യമമടക്കമുള്ള പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലുമായി ഒട്ടേറെ സൃഷ്ടികൾ വെളിച്ചം കണ്ടു. ഖത്തറിൽ പരസ്യ- മാർക്കറ്റിങ്​ രംഗത്ത് പ്രവർത്തിക്കുന്ന ഇജാസ് മുഹമ്മദ് മൂത്ത മകനാണ്. മകൾ ഹിബാ സുൽത്താന ജർമനി ഫ്രയ്ബർഗ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥിനിയാണ്​. ആറാം ക്ലാസ് വിദ്യാർഥിയായ ഇളയ മകൻ അഫം അയ്ദിനും ഭാര്യ സഫിയയും നാട്ടിലാണ്. പ്രവാസം സമ്മാനിച്ച സൗഹൃദങ്ങളും, അനുഭവങ്ങളും ഏറെ വിലപ്പെട്ടതാണെന്നും മൂന്നര പതിറ്റാണ്ടിനപ്പുറം വീട്ടിൽ നിന്നിറങ്ങിയ അതേ വേദനയോടും നഷ്ട ബോധത്തൊടുമാണ് ഈ പ്രവാസ ഭൂമിയോട് വിട പറയുന്നതൊന്നും ഇസ്മായിൽ പറയുന്നു. 

Tags:    
News Summary - After three and a half years of exile: ‘IKT’ returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.