സി.കെ.എ മനാഫും സൽമ ടീച്ചറും
അൽഐൻ: അൽഐൻ ഒയാസിസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സി.കെ.എ മനാഫ് ദീർഘ കാലത്തെ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നു. 1991 ഡിസംബർ 27നാണ് പ്രവാസിയായി ദുബൈയിലെത്തുന്നത്. 1992 ജനുവരി നാലിന് അൽഐൻ നഗരത്തിൽ സ്ഥിതി ചെയ്തിരുന്ന ഒയാസിസ് സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് 33 വർഷക്കാലം സ്കൂളിന്റെ വിവിധ തസ്തികകളിൽ സേവനം ചെയ്തു. 2007 വരെ അധ്യാപകൻ, സെക്ഷൻ സൂപ്പർ വൈസർ, ഹെഡ് മാസ്റ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2007ൽ റാസൽഖൈമയിലെ ഹ്യൂമൻ എംപവറിങ് എന്ന പദ്ധതിക്ക് വേണ്ടി അൽ ഗുറൈർ യൂനിവേഴ്സിറ്റിക്കു കീഴിൽ ഏഴര മാസത്തോളം അക്കാദമിക് സൂപ്പർവൈസറായി സേവനംചെയ്തു. 2007 അവസാനം തിരികെ ഒയാസിസ് സ്കൂളിൽ പ്രിൻസിപ്പലായി ജോലിയിൽ പ്രവേശിക്കുകയും തുടർന്നുള്ള 18 വർഷം സ്ഥാനത്ത് തുടരുകയും ചെയ്തു.
സ്കൂളിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം, സ്കൂൾ തുടക്കത്തിൽ അൽഐൻ നഗരത്തിലും പിന്നീട് സാറൂജിലും ശേഷം മസ്യാദിലുമായിരുന്നപ്പോഴെല്ലാം പ്രിൻസിപ്പൽ എന്ന നിലയിൽ നേതൃത്വം നൽകി. 2017 മുതൽ അൽ അഹ്ലിയ മെഡിക്കൽ ഗ്രൂപ്പിന് കീഴിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി അൽഐൻ അൽ ജീമിയിലെ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറിയപ്പോഴും പ്രിൻസിപ്പൽ പദവിയിൽ തുടർന്നു.
അൽഐനിലെ സാമൂഹിക സംസ്കാരിക മേഖലകളിലും സജീവമായിരുന്നു. ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ, ബ്ലൂ സ്റ്റാർ, മലയാളം സമാജം, കെ.എം.സി.സി തുടങ്ങിയ കൂട്ടായ്മകളുമായും സഹകരിച്ച് പ്രവർത്തിച്ചു. അബൂദബി വിദ്യാഭ്യാസ, വൈജ്ഞാനിക വകുപ്പിന്റെ ഇന്റർനാഷനൽ ബെഞ്ച്മാർക്ക് അസസ്മെന്റ് അവാർഡ്, ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ, ബ്ലൂ സ്റ്റാർ, അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ എന്നിവരുടെ അനുമോദനവും കരസ്ഥമാക്കിയിട്ടുണ്ട്.
മൂന്നര പതിറ്റാണ്ടോളം സ്തുത്യർഹ സേവനമനുഷ്ഠിച്ച ഇദ്ദേഹത്തിന് ഒയാസിസ് ഇന്റർനാഷനൽ സ്കൂൾ മാനേജ്മെന്റും അധ്യാപകരും ഇതര ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. പുതിയ പ്രിൻസിപ്പൽ അശോക് കുമാർ തിവരി, അക്കാദമിക് കോഓഡിനേറ്റർ സ്മിത വിമൽ, മാനേജ്മെന്റ് പ്രതിനിധികളായ മിഥുൻ സിദ്ധാർഥ്, സൂരജ് എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. ഭാര്യ സൽമ മനാഫ് സ്കൂളിലെ സോഷ്യൽ സ്റ്റഡീസ് ടീച്ചറായിരുന്നു. വിദ്യാർഥികൾക്ക് ഏറെ പ്രിയപ്പെട്ട ടീച്ചറായിരുന്നു ഇവർ. എറണാകുളം എടവനക്കാട് സ്വദേശികളാണ്. മക്കൾ: ഡോ. മുഹമ്മദ് ഫർഹാൻ, റിഫ്ഖ ഹബീബ, ഫാദിയ ഹബീബ. മരുമക്കൾ: ഹെന, ജൗഫൽ അറക്കൽ(ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.