അബൂദബി: നിർമാണ സ്ഥലത്തെ ജോലിക്കിടെ വീണ് നെട്ടല്ലിനും കാലുകൾക്കും ഗുരുതര പരിക്കേറ്റ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അദ്നാൻ ചൊവ്വാഴ്ച നാട്ടിലേക്ക് തിരിക്കും. രാവിലെ 6.40ന് അബൂദബി വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോേട്ടക്കാണ് യാത്ര. രാത്രി 12ന് പോകേണ്ടിയിരുന്ന വിമാനം വൈകുകയായിരുന്നു. ഇന്ത്യൻ എംബസിയുടെയും യു.എ.ഇയിലെ ജീവകാരുണ്യ പ്രവർത്തകരുടെയും സഹായം കൊണ്ടാണ് അദ്നാന് മടങ്ങാൻ സാധിച്ചത്. അദ്നാെൻറ ദുരിതമറിഞ്ഞ ആസ്റ്റർ ഡി.എം ഹെൽത് കെയർ ദുബൈയിലെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയിരുന്നു. നാട്ടിലെത്തിയ ശേഷം ആസ്റ്റർ മിംസിെൻറ കോഴിക്കോെട്ടയോ കോട്ടക്കലിലെയോ ആശുപത്രിയിൽ തുടർ ചികിത്സ നൽകുമെന്ന് ആസ്റ്റർ ഡി.എം ഹെൽത് കെയർ അധികൃതർ അറിയിച്ചു.
നാട്ടിലേക്ക് പോകാൻ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെയാണ് അദ്നാന് അപകടം സംഭവിച്ചത്. വീഴ്ചയെ തുടർന്ന് അബോധാവസ്ഥയിലായ അദ്നാനെ സഹപ്രവർത്തകർ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയുടെ ഭാഗമായി അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയനായി. ഒമ്പത് വർഷത്തെ പ്രവാസത്തിലൂടെ നേടിയ സമ്പാദ്യമെല്ലാം ചികിത്സക്ക് ചെലവായി. സെപ്റ്റംബർ 29ന് ഡിസ്ചാർജ് ചെയ്തെങ്കിലും പോകാനൊരു ഇടമില്ലാത്തതിനാൽ ജീവനക്കാരുടെ കാരുണ്യത്തിൽ കുറേ ദിവസം ആശുപത്രിയിൽ തന്നെ തുടർന്നു.അപകട ദിവസം പാസ്പോർട്ട് നഷ്ടമായതും നാട്ടിലേക്ക് മടങ്ങാനുള്ള മുഹമ്മദ് അദ്നാെൻറ ആശകളിൽ കരിനിഴൽ വീഴ്ത്തി. ഇന്ത്യൻ എംബസി ഇടപെട്ട് പാസ്പോർട്ട് ലഭ്യമാക്കിയാണ് ഇൗ ആശങ്ക മാറ്റിയത്.
കുടുംബത്തെ സാമ്പത്തിക പ്രയാസങ്ങളിൽനിന്ന് കരകയറ്റാൻ ഒമ്പത് വർഷം മുമ്പാണ് അദ്നാൻ യു.എ.ഇയിലെത്തിയത്. സ്വദേശിയുടെ വീട്ടിൽ പാചകക്കാരനായി പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞ മാസം വിസ റദ്ദാക്കി നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്തു. പോകുന്നത് വരെ വിവിധ ജോലികൾ ചെയ്ത് വരികയായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് നിർമാണ സ്ഥലത്തെ ജോലിക്കിടെയാണ് കോണിയിൽനിന്ന് വീണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.