ദുബൈ: ഒരു സ്ത്രീയുടെ മരണത്തിനിടയാക്കിയ അപകടത്തിനുത്തരവാദിയായിട്ടും വാഹനം നിർത്താതെ കടന്നുകളഞ്ഞയാളെ 12 മണിക്കൂറിനകം ദുബൈ പൊലീസ് പിടികൂടി. ഗൾഫ് രാജ്യത്തെ പൗരനാണ് പിടിയിലായത്. ജുമൈറയിലാണ് സംഭവം. വാഹനമിടിച്ച് ഗുരുതര പരിക്കുകളോടെ ഒരു സ്ത്രീ വീണുകിടക്കുന്ന വിവരം പൊലീസ് കൺട്രോൾ റൂമിൽ എത്തുകയായിരുന്നു. ഉടനടി ആംബുലൻസ് സന്നാഹങ്ങളും മറ്റു ക്രമീകരണങ്ങളുമായി സംഘമെത്തി. ഏഷ്യൻ വനിതയെ റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
റോഡ് മുറിച്ചുകടക്കുന്നതിനിടയാണ് ഇവരെ വാഹനമിടിക്കുന്നത്. അപകടം വരുത്തിയ ആളാവെട്ട ഉടനടി കടന്നുകളയുകയായിരുന്നു. ദുബൈ പൊലീസ് കേസ് അന്വേഷിക്കാൻ ഉടനടി ഒരു സംഘം രൂപവത്കരിച്ച് സമീപത്തെ താമസ ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. അമിത വേഗത്തിൽ വന്ന ഡ്രൈവർ വഴിയാത്രക്കാരിയെ ഗൗനിക്കാതെ ഒാടിച്ചുകയറ്റിയതാണ് അപകടത്തിനിടയാക്കിയത് എന്ന് വ്യക്തമായി. തുടർന്ന് നടത്തിയ പരിശോധനയിൽ ഡ്രൈവറെ തിരിച്ചറിയുകയും അയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കണ്ടുകെട്ടിയ വാഹനം തുടർപരിശോധനകൾക്കായി ഫോറൻസിക് ക്രിമിനോളജി വിഭാഗത്തിന് കൈമാറി.
വാഹനമോടിക്കുന്നവർ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഏതെങ്കിലും കാരണവശാൽ അപകടങ്ങളുണ്ടായാൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയല്ല, അധികൃതർക്ക് വിവരം നൽകുകയാണ് വേണ്ടതെന്നും ദുബൈ പൊലീസ് കുറ്റാന്വേഷണ വിഭാഗം ജനറൽ ഡിപ്പാർട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സലീം അൽ ജല്ലാഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.