ലാസ് വഗാസിലെ സ്ഫിയർ വേദി
അബൂദബി: ഗോളാകൃതിയിലെ മനോഹരമായ ‘സ്ഫിയർ’ വേദികളുടെ നിർമാണവകാശം നേടി അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പ്. പശ്ചിമേഷ്യ, വടക്കനാഫ്രിക്ക(മെന) മേഖലയിൽ അടുത്ത 10 വർഷത്തേക്കാണ് അബൂദബിക്ക് നിർമാണാവകാശമുണ്ടാവുക.
യു.എസ് ആസ്ഥാനമായ സ്ഫിയർ എന്റർടെയ്ൻമെന്റ് 2023ൽ ലാസ് വഗാസിലാണ് ഇത്തരം വേദി ആദ്യമായി നിർമിച്ചത്. 115 മീറ്റർ ഉയരവും 157മീറ്റർ വീതിയുമുള്ള ഈ വേദി ലോകത്തെ ഏറ്റവും വലിയ ഗോളകൃതിയിലുള്ള ഘടനയായാണ് കണക്കാക്കുന്നത്. ഇതിന് 20,000പേർക്ക് ഉൾകൊള്ളാവുന്ന ശേഷിയുണ്ട്. അർധ വൃത്താകൃതിയിലുള്ള സ്ക്രീനോടുകൂടിയ സംവിധാനത്തിൽ നിരവധി മുൻനിര സംഗീത നിശകൾ അരങ്ങേറിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ അബൂദബിയിൽ സമാനമായ വേദി അബൂദബിയിൽ നിർമിക്കുമെന്ന പ്രഖ്യാപനം വന്നിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് സ്ഫിയർ എന്റർടെയ്ൻമെന്റും അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പും തമ്മിലെ കരാർ ഒപ്പിട്ടിരിക്കുന്നത്.
ലാസ് വഗാസിലെ വളരെ പ്രധാനപ്പെട്ട മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘സ്ഫിയർ’ വേദി 2300കോടി ഡോളർ നിർമാണ ചെലവുണ്ട്. അബൂദബിയിൽ നിർമിക്കാനിരിക്കുന്ന വേദിയുടെ സമയമോ പ്രദേശമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നൂതന സാങ്കേതികവിദ്യയെ ആകർഷകമായി സംയോജിപ്പിക്കുകയും സന്ദർശകർക്ക് മറക്കാനാവാത്ത ഓർമ്മകൾ സൃഷ്ടിക്കുകയും ചെയ്യുന്നതായിരിക്കും വേദിയെന്ന് ഡി.സി.ടി അബൂദബി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പ്രഖ്യാപന വേളയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.