അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്ററിനെ വീണ്ടും പി. ബാവഹാജിയും ഹിദായത്തുല്ലയും നയിക്കും. ഇരുവരും പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി തൽസ്ഥാനങ്ങളിൽ തുടർന്നുകൊണ്ട് പുതിയ മാനേജിങ് കമ്മിറ്റി നിലവിൽവന്നു. ഇസ്ലാമിക് സെന്ററിന്റെ മെയിൻ ഹാളിൽ നടന്ന 54ാമത് വാർഷിക ജനറൽ ബോഡിയാണ് പുതിയ മാനേജിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്.
അബൂദബി സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ 2004 മുതൽ തുടർച്ചയായ 21ാമതാണ് പി. ബാവ ഹാജിയെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത്. നേരത്തേയും വിവിധ ഘട്ടങ്ങളിൽ ഏഴുതവണ പ്രസിഡന്റ് പദവി വഹിച്ച ബാവ ഹാജി 27 വർഷം പ്രസിഡന്റും 12 തവണ ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.
പ്രവാസി ഭാരതി പുരസ്കാരം നേടിയ അദ്ദേഹം അരനൂറ്റാണ്ടിലേറെ കാലമായി പ്രവാസലോകത്ത് സജീവമാണ്. മലപ്പുറം കക്കിടിപ്പുറം സ്വദേശിയാണ്. മലപ്പുറം വേങ്ങര പറപ്പൂർ സ്വദേശിയാണ് ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഹിദായത്തുല്ല. മുൻ വർഷങ്ങളിൽ സെന്ററിന്റെ വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
യു. അബ്ദുല്ല ഫാറൂഖി, അബ്ദുറഹ്മാൻ തങ്ങൾ, ആലുങ്ങൽ ഇബ്രാഹീം മുസ്ല്യാർ, മുഹമ്മദ് സമീർ തൃക്കരിപ്പൂർ, അശ്റഫ് ഹാജി വാരം, അഹമ്മദ് കുട്ടി തൃത്താല, കെ. മുസ്തഫ വാഫി, അഷറഫ് ബേക്കൽ മൗവ്വൽ, നൗഷാദ് ഹാഷിം ബക്കർ, അബ്ദുല്ല പി.പി, സിദ്ദീഖ് എളേറ്റിൽ, അനീഷ് മംഗലം, മുഹമ്മദ് കുഞ്ഞി കൊളവയൽ, മുഹമ്മദ് ശഹീം, മുഹമ്മദ് ബഷീർ ചെമ്മുക്കൻ, അലികുഞ്ഞി ഒ.പി എന്നിവരാണ് പുതിയ മാനേജിങ് കമ്മിറ്റി ഭാരവാഹികൾ. അബൂദബി സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. ജമീൽ, അഹ്മദ് അൽ മുഹൈരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്.
പ്രവർത്തന റിപ്പോർട്ട് അഡ്മിൻ സെക്രട്ടറി അഷറഫ് ഹാജി വാരവും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ബി.സി. അബൂബക്കറും ബജറ്റ് അവതരണം ഓഡിറ്റർ സുനീർ ചുണ്ടമ്പറ്റയും നിർവഹിച്ചു. സെന്ററിന്റെ 2024-25 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ റിപ്പോർട്ട് വിഡിയോ ഏറെ ശ്രദ്ധേയമായി. 2024-25 വർഷത്തെ സ്തുത്യർഹമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഇസ്ലാമിക് സെന്റർ മാനേജ് കമ്മിറ്റി അംഗങ്ങൾക്കുള്ള ഉപഹാരം ബാവഹാജിയുടെ സാന്നിധ്യത്തിൽ അബൂദബി കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രതിനിധികളായ അഹമ്മദ് അൽ മുഹൈരി, ഡോ. ജമീൽ എന്നിവർ സമ്മാനിച്ചു.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് ഇലക്ഷൻ ഓഫിസർമാരായ റസാഖ് ഒരുമനയൂർ, റഷീദലി മമ്പാട്, മൻസൂർ മൂപ്പൻ എന്നിവർ നേതൃത്വം നൽകി. പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, അബൂദബി സുന്നി സെന്റർ ജനറൽ സെക്രട്ടറി കബീർ ഹുദവി എന്നിവർ സംസാരിച്ചു. നിയുക്ത ട്രഷറർ നസീർ രാമന്തളി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.