കുരുന്ന് ഫുട്ബാളർമാരെ വളർത്താൻ അബൂദബി

വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനായി യു.എ.ഇ വിദ്യാഭ്യാസ വകുപ്പ് വിവിധങ്ങളായ കര്‍മ പദ്ധതികളാണ് കാലോചിതമായി നടപ്പാക്കി വരുന്നത്. ഇപ്പോള്‍, പുതിയൊരു സംരംഭമാണ് കുരുന്നുകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഊര്‍ജ്വസ്വലതയുള്ള ജീവിതശൈലിയുടെ ഗുണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അബൂദബിയിലെ വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികള്‍ക്കായി ഫുട്ബാൾ ടൂര്‍ണമെൻറുകളും പരിശീലനവും സംഘടിപ്പിക്കുകയാണ്. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് ഇതിനായി അഡക് സ്‌പോര്‍ട് കപ്പിന് തുടക്കമിട്ടു. എമിറേറ്റിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് പ്രയോജനം ലഭിക്കുക. ആദ്യഘട്ടത്തില്‍ അഡക് സ്‌പോര്‍ട്ക് കപ് ഫുട്‌ബാളില്‍ മാത്രമാണെങ്കില്‍ പിന്നീടത് കൂടുതല്‍ ഇനങ്ങളിലേക്ക് വ്യാപിപ്പിക്കും.

12നും 14നും ഇടയില്‍ പ്രായമുള്ള ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ ഭാഗമാവുന്ന 64 ടീമുകളാണ് പങ്കെടുക്കുന്നത്. പ്രാഥമിക ഘട്ടങ്ങള്‍ക്കു ശേഷം ഈ മാസം 20ന് മുഹമ്മദ് ബിന്‍ സായിദ് സ്‌റ്റേഡിയത്തിൽ ഫൈനൽ നടക്കും. ഊര്‍ജ്വസ്വലവും ആരോഗ്യത്തോടെയുള്ള ജീവിതശൈലി കുട്ടികള്‍ക്ക് ഒരുക്കി നല്‍കുന്നതിന്‍റെ ഭാഗമായാണ് അഡക് സ്‌പോര്‍ട്‌സ് കപ് ആരംഭിച്ചതെന്നും ഇത് കുട്ടികളില്‍ ഗുണകരമായ മാറ്റം വരുത്തുമെന്ന് ഉറപ്പുണ്ടെന്നും അഡക് അണ്ടര്‍ സെക്രട്ടറി അമീര്‍ അല്‍ ഹമ്മാദി പറയുന്നു. കുട്ടികളിലെ മികച്ച കായികതാരങ്ങളെ കണ്ടെത്തുകയെന്ന ലക്ഷ്യം കൂടി അഡക് സ്‌പോര്‍ട്‌സ് കപ്പിനു പിന്നിലുണ്ട്.

ഫൈനല്‍ കാണാന്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അവസരമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ടീമുകളുണ്ട്. സ്‌കൂളുകളില്‍ കായികപരിപാടികള്‍ കൂടി ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നവംബറില്‍ യു.എ.ഇയിലെ ഇരുന്നൂറോളം സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സ്‌പെഷ്യല്‍ ഒളിംപിക്‌സ് പദ്ധതിയില്‍ ഒപ്പുവച്ചിരുന്നു. 11 വര്‍ഷം മുൻപ് യു.എസില്‍ തുടക്കം കുറിച്ച യുനിഫൈഡ് ചാംപ്യന്‍ സ്‌കൂള്‍ എന്ന ഈ പദ്ധതിയുടെ ലക്ഷ്യം നിശ്ചയദാർഡ്യ വിഭാഗത്തിൽപെട്ട കുട്ടികളെ കായിക ഇനങ്ങളില്‍ പങ്കെടുപ്പിക്കുക, കായിക ക്ലബ്ബുകളില്‍ ചേര്‍ക്കുക, ഒരുമിച്ച് പരിശീലനം നേടാനും പഠിക്കാനും അവസരമൊരുക്കുക എന്നിവയാണ്. 2019ലാണ് സ്‌പെഷ്യല്‍ ഒളിംപിക്‌സ് യു.എ.ഇ രാജ്യത്ത് യുനിഫൈഡ് ചാംപ്യന്‍ സ്‌കൂള്‍സ് പദ്ധതി അവതരിപ്പിച്ചത്. ഇപ്പോഴത് രാജ്യവ്യാപകമായി ആരംഭിച്ചുകഴിഞ്ഞു. എല്ലാ സ്‌കൂളുകളിലും ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ രാജ്യം കൂടിയാണ് യു.എ.ഇ.

Tags:    
News Summary - Abu Dhabi gives opportunity to young footballer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.