അബൂദബി കസ്റ്റംസ് അധികൃതരും ഇന്ത്യൻ പ്രതിനിധികളും കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: ഇന്ത്യയും യു.എ.ഇയും തമ്മിലെ ഉഭയകക്ഷി വ്യാപാരം സുഗമമാക്കുന്നതിൽ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് അബൂദബി കസ്റ്റംസും ഇന്ത്യൻ അധികൃതരും സംയുക്തമായി വർക്ഷോപ്പ് സംഘടിപ്പിച്ചു.ഇന്ത്യയിലെ ധനകാര്യ മന്ത്രാലയത്തിലെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിലെ(സി.ബി.ഐ.സി)സിസ്റ്റംസ് ആൻഡ് ഡേറ്റ മാനേജ്മെന്റ് ഡയറക്ടർ ജനറൽ ആരതി അഗർവാൾ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം വർക്ഷോപ്പിൽ പങ്കാളികളായി. അബൂദബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഒരുക്കിയ വർക്ക്ഷോപ്പിൽ ഇന്ത്യൻ എംബസിയിൽനിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
സന്ദർശന വേളയിൽ അബൂദബി കസ്റ്റംസ് ഡയറക്ടർ ജനറൽ റാശിദ് ലാഹിജ് അൽ മൻസൂരിയുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. കസ്റ്റംസ് മേഖലയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഡിജിറ്റൽവത്കരണം വേഗത്തിലാക്കാനുമുള്ള അവസരങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും അതിർത്തികളിലൂടെ ചരക്കുകളുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കുന്നതിനും ഇത് സഹായകമാകും. അബൂദബി കസ്റ്റംസിന്റെ നൂതന ഡിജിറ്റൽ സംവിധാനങ്ങൾ വർക്ഷോപ്പിൽ പരിചയപ്പെടുത്തി. കസ്റ്റംസ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അത്യാധുനിക സാങ്കേതിക കഴിവുകൾ ഇതിൽ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും സിസ്റ്റം സംയോജനം, ഡേറ്റ കൈമാറ്റത്തിനുള്ള സംവിധാനങ്ങൾ, കസ്റ്റംസ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കൽ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിന് വിവിധ രാജ്യങ്ങളിലെ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത സംരംഭത്തിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.