റാസല്‍ഖൈമ: തൊഴില്‍ വാഗ്ദാനത്തില്‍ കണ്ണുമടച്ച് വിശ്വസിച്ച് പലവിധ തട്ടിപ്പുകളിലും അകപ്പെടുന്നതില്‍ മലയാളികളെന്നും മുന്‍പന്തിയിലാണ്. ജോലി സ്വപ്നം കണ്ട് ചെറിയ തുക മുതല്‍ ലക്ഷങ്ങള്‍വരെ ശമ്പളം വാഗ്ദാനം ചെയ്യുന്നവര്‍ക്ക് സ്വരുക്കൂട്ടി നല്കാന് നാട്ടിലായാലും മറുനാട്ടിലായാലും മലയാളി തയാറാണ്. ഗള്‍ഫ് നാടുകളില്‍ തൊഴില്‍ തട്ടിപ്പ് മാഫിയകളുടെ കൈകളിലകപ്പെടുന്ന ഹതഭാഗ്യര്‍ക്ക് മാധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും വിവിധ കൂട്ടായ്മകളും സുമനസ്സുകളുടെ കൈയഴിഞ്ഞ സഹായവുമാണ് രക്ഷക്കെത്താറ്. വിദേശജോലി തേടുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടെങ്കിലും ഇതിനെയെല്ലാം മറികടക്കുന്നതാണ് വ്യാജ തൊഴില്‍-സെക്സ് മാഫിയയുടെ പ്രവര്‍ത്തനമെന്നതിലേക്ക് വിരല്‍ചൂണ്ടുന്നതാണ് അഞ്ച് ദിവസം മുമ്പ് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തി ജോലിയില്‍ പ്രവേശിച്ച മലയാളി യുവതിയുടെ ദുരനുഭവം. സാമൂഹിക പ്രവര്‍ത്തകനിലൂടെ വിവരമറിഞ്ഞ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ തന്ത്രപരവും ചടുലവുമായ നീക്കം 20 വയസ്സുകാരിയെ 'തൊഴില്‍ കെണി'യില്നിന്ന് മോചനം സാധ്യമാക്കി നാടണയാന്‍ സഹായിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് 12നാണ് തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള മലയാളി യുവതി ഒരു സ്ഥാപനത്തില്‍ 'കെണി'യിലകപ്പെട്ടിരിക്കുന്ന വിവരം യു.എ.ഇയിലെ സാമൂഹിക പ്രവര്ത്തകന് ലഭിക്കുന്നത്. രേഖാമൂലം ലഭിച്ച വിവരങ്ങൾ സാമൂഹിക പ്രവര്ത്തകന് കോണ്‍സുലേറ്റിന് കൈമാറുകയും പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ സ്ഥാപന ഉടമയുമായി ബന്ധപ്പെടുകയും യുവതിയെ ഇഷ്ടമില്ലാത്ത തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്ന താക്കീത് നല്‍കുകയും ഉടന്‍ നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംഗതി പന്തിയല്ലെന്ന് തോന്നിയ സ്ഥാപന ഉടമ യുവതിയെ കോണ്‍സുലേറ്റില്‍ എത്തിക്കാമെന്നറിയിച്ചു. ഉടന്‍ നാട്ടിലെത്തിച്ചാല്‍ മതിയെന്ന അധികൃതരുടെ നിർദേശത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിതന്നെ ദുബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റെടുത്ത് നല്കിയ സ്ഥാപന ഉടമ പ്രശ്നത്തില്‍നിന്ന് തലയൂരുകയായിരുന്നു.
സിവില്‍ ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ നിര്‍ധന കുടുംബത്തിലെ അംഗമാണ് താനെന്നാണ് യുവതി സ്വയം പരിചയപ്പെടുത്തുന്നത്. പരിചയക്കാര് മുഖേനയാണ് സന്ദര്‍ശക വിസ ലഭിച്ചതും ദുബൈയില്‍ എത്തിയതും. താന്‍ പഠിച്ചതുമായി ബന്ധപ്പെട്ട റിസപ്ഷന് ജോലിയാണ് ഹോട്ടലില്‍ തനിക്ക് വാഗ്ദാനം നല്‍കിയിരുന്നത്. ഇവിടെയെത്തി ആദ്യ ദിനം സന്തോഷകരമായിരുന്നു. രണ്ടാം ദിനം തന്നെ ജോലി തുടങ്ങി. റിസപ്ഷനില്‍ ജോലി ചെയ്യുന്നതിനിടെ ഹോട്ടലിലെ 'സ്പാ' സെക്ഷനിലും ജോലി ചെയ്യണമെന്ന നിർദേശംവന്നു. സ്ഥാപന നടത്തിപ്പുകാരന്റെയും ജോലിക്കാരി മലയാളി സ്ത്രീയുടെയും കര്‍ശന ആവശ്യത്തിന് വഴങ്ങി 'സ്പാ' ജോലി ചെയ്യാന്‍ നിര്‍ബന്ധിതയായി.
ഒരിക്കലും മുന്നോട്ടുപോകാന്‍ വയ്യാത്തവിധം ദുഷ്കരമായ തൊഴില്‍ അന്തരീക്ഷത്തിലാണ് വന്നുപെട്ടിരിക്കുന്നതെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതോടെ വിവരം നാട്ടിൽ അറിയിച്ചു. ഇതുവഴി യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകന്റെ നമ്പര്‍ ലഭിച്ചു. തന്റെ ദുരവസ്ഥ അദ്ദേഹത്തെ അറിയിച്ചു. ഈ രംഗത്ത് സന്തോഷത്തോടെ ജോലിചെയ്യുന്നവരുണ്ട്, അറിയാതെ വന്നുപെട്ട് രക്ഷപ്പെടാന്‍ വഴിയില്ലാതെ നിര്‍ബന്ധിതരായി തുടരുന്നവരുമുണ്ടെന്നും യുവതി പറയുന്നു. തന്റെ ദുരവസ്ഥ ബന്ധപ്പെട്ടവരെ അറിയിച്ചതിന്റെ പേരില്‍ സ്ഥാപനത്തിലെ സ്ത്രീയില്‍നിന്ന് പീഡനമേല്‍ക്കേണ്ടി വന്നു. ഭാഗ്യംകൊണ്ടാണ് തല ചുമരില്‍ ഇടിക്കാതിരുന്നത്. കൈയിലുണ്ടായിരുന്ന പണവും ഫോണും അവര്‍ എടുത്തു. നാട്ടിലെത്തിയാല്‍ സ്വസ്ഥമായി ജീവിക്കാമെന്ന് കരുതേണ്ടെന്ന് സ്ഥാപന ഉടമയും സ്ത്രീയും ഭീഷണിപ്പെടുത്തിയതായും യുവതി തുടര്‍ന്നു.
വീട്ടു ജോലിക്കും മറ്റും വിദേശത്തേക്ക് തനിച്ച് പോകുന്ന സ്ത്രീകള്‍ക്ക് പ്രത്യേക എമിഗ്രേഷന്‍ പ്രോട്ടോകോളുകള്‍ നിലവിലുള്ള രാജ്യമാണ് ഇന്ത്യ. കാലങ്ങളായി ഇത് കര്‍ശനമായി പാലിക്കപ്പെടുന്നുമുണ്ട്.
സ്ത്രീകളെ തൊഴില്‍ വിസകളിലും സന്ദര്‍ശക വിസയിലും മറുനാട്ടിലേക്കയക്കുമ്പോള് പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്ത്തേണ്ടതിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധ ക്ഷണിക്കുന്നതാണ് യുവതിയുടെ ദുരനുഭവം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.