ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ 93ാമത് ശിവഗിരി തീർഥാടനം സംബന്ധിച്ച് സംഘാടക സമിതി ഭാരവാഹികൾ വിശദീകരിക്കുന്നു
ദുബൈ: എസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15ന് അജ്മാൻ കൾച്ചറൽ സെന്ററിൽ ശിവഗിരി തീർഥാടനം സംഘടിപ്പിക്കുന്നു. യു.എ.ഇയിൽ തുടർച്ചയായി 16ാമത് തവണയാണ് ശിവഗിരി തീർഥാടനം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 15ന് രാവിലെ 11 മണിക്ക് നടക്കുന്ന തീർഥാടന മഹാസമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ സംഘടനാ സന്ദേശം നൽകും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തീർഥാടനം ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രീതി നടേശൻ, ആത്മീയ ആചാര്യനായ ശ്രീമത് ശിവ സ്വരൂപാനന്ദ സ്വാമികൾ, ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, എസ്.എൻ.ഡി.പി യോഗം യു.എ.ഇ കോഓഡിനേറ്ററും കേരള ഹൈകോടതിയിലെ കേന്ദ്ര സർക്കാറിന്റെ സീനിയർ സ്റ്റാൻഡിങ് കൗൺസിലും പന്തളം യൂനിയൻ പ്രസിഡന്റുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളി, പ്രമുഖ വ്യവസായിയും ശിവഗിരി, ദുബൈ എന്നീ യൂനിയനുകളുടെ പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ ബി. ജയപ്രകാശ്, വൈസ് ചെയർമാൻമാരായ സുരേഷ് തിരുകുളം, സാജൻ സത്യ, സെക്രട്ടറി ശ്രീധരൻ പ്രസാദ്, ട്രഷറർ ജെ.ആർ.സി ബാബു, ജനറൽ കൺവീനർ സിജു മംഗലശ്ശേരി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.തീർഥാടന ദിനത്തിൽ പുലർച്ച 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. കഴിഞ്ഞ ഒരു മാസക്കാലമായി യു.എ.ഇയിലെ എട്ട് യൂനിയനുകളിലും നടന്നിരുന്ന ഗുരുദേവ കലാ സാഹിത്യ മത്സരങ്ങളുടെ ഫൈനൽ മത്സരത്തിലെ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്മാന് ബി. ജയപ്രകാശന്‍, വൈസ് ചെയര്മാന് സാജന് സത്യ, സെക്രട്ടറി ശ്രീധരന് പ്രസാദ്, ട്രഷറര്‍ ജെ.ആര്.സി ബാബു തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.