അബൂദബി: വിട്ടുമാറാത്ത രോഗമുള്ളവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രഖ്യാപിച്ച ‘വഖ്ഫുൽ ഹയാത്ത്’ പദ്ധതിയിലേക്ക് രണ്ടാഴ്ചക്കിടെ മാത്രം ലഭിച്ചത് 50.9 കോടി ദിർഹം. എന്‍ഡോവ്മെന്റ്സ് ആന്‍ഡ് മൈനേഴ്സ് ഫണ്ട്സ് അതോറിറ്റി (ഔഖാഫ് അബൂദബി), അബൂദബി ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് 100 കോടി ദിര്‍ഹമിന്റെ ഹെല്‍ത്ത് കെയര്‍ എന്‍ഡോവ്മെന്റ് പദ്ധതിക്ക് തുടക്കംകുറിച്ചത്. സ്ഥാപനങ്ങളും വ്യക്തികളും ഉൾപ്പെടെ 93,000 പേരാണ് കാമ്പയിനിന്റെ രണ്ടാഴ്ചക്കിടെയായി സംഭാവന നൽകിയത്.
യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ഒരു നാഴികക്കല്ലാണ് ലൈഫ് എൻഡോവ്മെന്റ് കാമ്പയിനെന്ന് ഔഖാഫ് അബൂദബി ഡയറക്ടർ ജനറൽ ഫഹദ് അബ്ദുൽ ഖാദർ അൽ ഖാസിം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും നിശ്ചയദാർഢ്യമുള്ള ആളുകളെയും സഹായിക്കുന്നതിന് ഒരു മാതൃകയാണ് പദ്ധതിയെന്നും ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങളോടുള്ള രാജ്യത്തിന്റെ ദീർഘകാല പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് കാമ്പയിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ജീവിതത്തിനുവേണ്ടി നിങ്ങളോടൊപ്പം’ എന്ന മുദ്രാവാക്യത്തിലാണ് പദ്ധതിയിലേക്ക് ധനസമാഹരണം നടത്തുന്നത്. യു.എ.ഇയുടെ സാമൂഹിക വർഷാചരണത്തിന്റെ ഭാഗമായി കൂടിയാണ് പദ്ധതി പ്രഖ്യാപിച്ചത്. രോഗികൾക്ക് ചികിത്സക്കൊപ്പം മരുന്നുകളുടെ ഗവേഷണത്തിനും വികസനത്തിനും പിന്തുണ നൽകുന്നതിനും ഫണ്ട് ഉപയോഗപ്പെടുത്തും. ആരോഗ്യപരിചരണ സേവനങ്ങളുടെ സ്ഥിരത വര്‍ധിപ്പിക്കുകയും സമൂഹത്തിലെ ദുര്‍ബലരായ വിഭാഗങ്ങളുടെ ചികിത്സച്ചെലവ് വഹിക്കുകയുമാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
എന്‍ഡോവ്മെന്റ്സ് ആന്‍ഡ് മൈനേഴ്സ് ഫണ്ട്സ് അതോറിറ്റി (ഔഖാഫ് അബൂദബി)യും അബൂദബി ആരോഗ്യവകുപ്പും എമിറേറ്റ്സ് റെഡ് ക്രസന്റ്സും അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്ട്രിബ്യൂഷന് എന്നിവയുമായി സഹകരിച്ച് 2024ല്‍ പ്രഖ്യാപിച്ച സംയുക്ത സംരംഭമായ ഹെല്‍ത്ത് കെയര്‍ എന്‍ഡോവ്മെന്റ് സംരംഭത്തിന്റെ ഭാഗമാണ് ഈ കാമ്പയിന്.
ആരോഗ്യപരിചരണ സേവനങ്ങളുടെ വികസനത്തിലും രോഗികളുടെ ചികിത്സക്കും മാനസികപിന്തുണ നല്‍കുന്നതിനുമായാണ് ഈ പണം വിനിയോഗിക്കുക. ഔഖാഫ് അബൂദബിയുടെ ഡിജിറ്റൽ സംഭാവന പ്ലാറ്റ്ഫോം വഴിയും സാമൂഹിക സംഭാവന അതോറിറ്റിയുടെ ‘മാഅൻ’ പ്ലാറ്റ്ഫോം വഴിയും രാജ്യത്തുടനീളമുള്ള ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും സജ്ജീകരിച്ച മാഅൻ, എമിറേറ്റ്സ് റെഡ് ക്രസന്റ് ബൂത്തുകളിലും സംഭാവന നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.