കെ.പി. മൂസ
ദുബൈ: നാലു പതിറ്റാണ്ടു മുമ്പ് കെ.പി. മൂസ ഷാർജയിൽ കാലുകുത്തുേമ്പാൾ കൈയിലുണ്ടായിരുന്നത് ആത്മവിശ്വാസം മാത്രമായിരുന്നു.മുന്നിലെത്തിയ പ്രതിസന്ധികളെ അതിജീവിച്ച മൂസ 40 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നു.
1982ലാണ് കൊയിലാണ്ടി തിക്കോടി സ്വദേശി കെ.പി. മൂസ ബോംബെ വഴി ഷാർജയിലെത്തിയത്. പ്രത്യേകിച്ച് ജോലി പരിജ്ഞാനമൊന്നും കൈയിലുണ്ടായിരുന്നില്ലെങ്കിലും എന്ത് ജോലിയും ചെയ്യാനുള്ള സന്നദ്ധതയുമായാണ് പ്രവാസം തുടങ്ങിയത്. കാര്യങ്ങൾ എളുപ്പമായിരുന്നില്ലെങ്കിലും കഠിനപ്രയത്നത്തിലൂടെ ഓരോ ഘട്ടവും കടന്നു. റസ്റ്റാറൻറിലും സൂപ്പർമാർക്കറ്റിലും അറബിയുടെ വീട്ടിലുമായി 25 വർഷം ജോലി ചെയ്തു.
ഒടുവിൽ ദുബൈ മുനിസിപ്പാലിറ്റിയിൽ ഓഫിസ് ബോയ് ആയി ജോലി ലഭിച്ചു. അൽതവാറിലെ സൂപ്പർമാർക്കറ്റിലെ ജോലിക്കിടയിൽ പരിചയപ്പെട്ട അറബിയുടെ സഹായത്തോടെയാണ് ഈ ജോലി ലഭിച്ചത്. അവിടെ 15 വർഷം പൂർത്തിയാക്കിയാണ് ഇപ്പോൾ പ്രവാസത്തിന് വിരാമമിടുന്നത്. തന്നിലേൽപിക്കുന്ന ഏത് ജോലിയും കൃത്യതയോടെ സമയബന്ധിതമായി ചെയ്യാൻ സാധിച്ചതിന് പല അംഗീകാരങ്ങളും മൂസക്ക് ലഭിച്ചു. ജോലി ചെയ്യുന്ന ഓഫിസ് പരിസരത്ത് ഒരു മാവിൻ തൈ നട്ട് പരിപാലിച്ചിരുന്നു.
സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കെ.എം.സി.സിയുടെ നിരവധി ഘടകങ്ങളിൽ പല പദവികളും വഹിച്ചിട്ടുണ്ട്. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രസിഡൻറ്, കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.ഭാര്യ: ഷഫീക്കത്ത്. മക്കൾ: ഷംന, തഹദീർ, ഷജീഹ. മരുമക്കൾ: അഫ്സൽ ശ്യാം (അൽ ഇത്തിഹാദ്), റമീസ് (അന്തമാൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.