ദുബൈ: കുട്ടികളെ അടച്ചിട്ട വാഹനങ്ങളിൽ ചൂടുകാലത്ത് ഒറ്റക്കാക്കി പോകരുതെന്ന മുന്നറിയിപ്പ് പലരും അവഗണിക്കുന്നു. ഈ വർഷം മാത്രം അപകടത്തിന് കാരണമാകുന്ന രീതിയിൽ വാഹനത്തിൽ ഇരുത്തിയ 36 കുട്ടികളെ രക്ഷിച്ചതായി ദുബൈ പൊലീസ് വാർത്തക്കുറിപ്പിൽ അറിയിച്ചു. അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ കുട്ടികളെ വാഹനങ്ങളിൽ അടച്ചിടരുതെന്ന് നിരന്തരം അധികൃതർ മുന്നറിയിപ്പ് നൽകിവരുന്നുണ്ട്. എന്നാൽ, പല ഡ്രൈവർമാരും രക്ഷിതാക്കളും ഇത് അവഗണിക്കുകയാണ്.
ചൂടുകാലത്ത് അടച്ചിട്ട വാഹനങ്ങളിൽ താപനില 70 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭത്തിൽ കടുത്ത ശ്വാസംമുട്ടലിനും ബോധക്ഷയത്തിനും മരണത്തിനുംവരെ സാധ്യതയുണ്ട്. കുട്ടികളാകുമ്പോൾ ഏറെനേരം പിടിച്ചുനിൽക്കാൻ സാധിക്കുകയില്ല. ചെറിയ സമയത്തേക്കുപോലും ഇത്തരത്തിൽ കുട്ടികളെ കാറിലോ മറ്റോ ഒറ്റക്കാക്കരുതെന്നാണ് അധികൃതർ നിർദേശിച്ചിട്ടുള്ളത്. അൽപനേരത്തേക്ക് എന്നു കരുതി രക്ഷിതാക്കൾ പോവുകയും പിന്നീട് മറക്കുകയോ തിരക്കിൽപെടുകയോ ചെയ്യുന്ന സംഭവങ്ങളുണ്ടാകാറുണ്ട്.
ഫെഡറൽ നിയമമനുസരിച്ച് കുട്ടികളുടെ സുരക്ഷ ശ്രദ്ധിക്കാതിരിക്കുന്നത് കുറ്റകൃത്യമാണ്. 5000 ദിർഹം പിഴയോ ജയിൽശിക്ഷയോ ഇത്തരം കേസുകളിൽപെടുന്ന രക്ഷിതാക്കൾക്കുമേൽ ചുമത്തും. പല സമയങ്ങളിലും കുട്ടികളെ രക്ഷിതാക്കൾ കാറിൽ മറന്നുപോകുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ദുബൈ പൊലീസ് സുരക്ഷ ബോധവത്കരണ വിഭാഗം ഡയറക്ടർ ബുട്ടി അൽ ഫലാസി പറഞ്ഞു. ചിലപ്പോൾ അശ്രദ്ധമായി കുട്ടികൾ വാഹനങ്ങളിൽ കയറുകയും ഡോർ തുറക്കാൻ കഴിയാതെ അകത്താവുകയും ചെയ്യാറുമുണ്ട്. ഇതൊഴിവാക്കാൻ കുട്ടികൾക്ക് കയറാൻ കഴിയുന്ന രീതിയിൽ വാഹനങ്ങൾ വെക്കരുതെന്ന നിർദേശവും പൊലീസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.