നവോഥാന പൈതൃകം റാഞ്ചാന്‍ അന്ധവിശ്വാസ  പ്രചാരകരുടെ ശ്രമം-  ടി.പി. അബ്ദുല്ലക്കോയ മദനി

ദുബൈ: അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആഴ്ന്ന  മുസ്ലിം സമുദായത്തെ വിജ്ഞാനത്തിന്‍െറ വെളിച്ചം നല്‍കി സമുദ്ധരിച്ചതു കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനമാണെന്ന ചരിത്രസത്യം തമസ്കരിക്കാന്‍ ആസൂത്രിത ശ്രമമുണ്ടെന്ന് കെ.എന്‍.എം. പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി.  യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്‍ററില്‍  സംഘടിപ്പിച്ച ഇസ്ലാഹി ഐക്യ സമ്മേളനത്തില്‍ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  
പ്രവാചകന്‍െറ തിരുശേഷിപ്പുകള്‍ എന്ന വ്യാജേന മുടിയും പൊടിയും പുറത്തെടുക്കുന്നവര്‍ ആത്മീയ ചൂഷണത്തിലൂടെ പൊതുജനങ്ങളെ കബളിപ്പിക്കുന്നത് തുടരുകയാണെന്നും മദനി വ്യക്തമാക്കി.   മുജാഹിദുകളുടെ പുനരൈക്യം വഴി സംജാതമായത് വിവരണാതീതമായ നേട്ടങ്ങളും നന്മകളുമാണ്. 
കേരളീയ പൊതു സമൂഹത്തില്‍ ധൈഷണിക സാന്നിധ്യമായി എക്കാലവും മുജാഹിദ് പ്രസ്ഥാനം നിലകൊണ്ടിട്ടുണ്ട്. മതേതര ജനാധിപത്യം രാജ്യത്തിന്‍്റെ അമൂല്യമായ പൈതൃകമാണ്, നാടിന്‍്റെ ഉന്നതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.  
അന്ധമായ അനുകരണങ്ങളിലോ വികലമായ വിശ്വാസങ്ങള്‍ക്കോ അടിമപ്പെടാതെ, ലഭിച്ച സവിശേഷമായ തിരിച്ചറിവ് ഉപയോഗിച്ച് സൃഷ്ടിച്ചുപരിപാലിക്കുന്ന ദൈവത്തെ കണ്ടത്തൊന്‍ ശ്രമിക്കണമെന്ന് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചുകൊണ്ട് കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിങ് പ്രസിഡന്‍റ് സി.പി. ഉമര്‍ സുല്ലമി  ആവശ്യപ്പെട്ടു. അല്ലാഹുവിലേക്ക് അടുക്കുവാനുള്ള ഋജുവായ മാര്‍ഗം അവനെ തിരിച്ചറിയുകയും അവനില്‍ ആരെയും പങ്ക് ചേര്‍ക്കാതിരിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും പശ്ചാത്താപം തേടുകയുമാണ്. ആദര്‍ശവും ദിശാബോധവുമാണ് മുജാഹിദ് ഐക്യത്തിന്‍െറ നിദാനമെന്നും തലമുറകളിലൂടെ ഈ ഐക്യം നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് എ.പി. അബ്ദുസമദ് (സാബീല്‍) അധ്യക്ഷത വഹിച്ചു. കെ.എന്‍.എം വൈസ് പ്രസിഡന്‍റ് പി.കെ. അഹമദ്, സെക്രട്ടറി എം. അബ്ദുറഹിമാന്‍ സലഫി, അല്‍മനാര്‍ സെന്‍റര്‍ ഡയറക്ടര്‍ മൗലവി അബ്ദുസ്സലാം മോങ്ങം എന്നിവര്‍ പ്രഭാഷണം നടത്തി. കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, എയിം ചെയര്‍മാന്‍ ഡോ പി.എ. ഇബ്രാഹിം ഹാജി, അബ്ദുല്‍ വാഹിദ് മയ്യേരി, സി.ടി. ബഷീര്‍,  ഡോ: മുസ്തഫാ ഫാറൂഖി,എം.സി ജലീല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച  ദാന വര്‍ഷ  പദ്ധതിയുടെ ഭാഗമായി തര്‍ബിയ്യ മദ്റസ രൂപകല്‍പ്പന ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം അല്‍മനാര്‍ ഇസ്ളാമിക് സെന്‍്റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ബിന്‍ മുഹ്യുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.  വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയിലെ ജേതാക്കള്‍ക്കുള്ള സമ്മാനദാനം ചടങ്ങില്‍ നിര്‍വ്വഹിച്ചു.  ജനറല്‍സെക്രട്ടറി പി.എ. ഹുസൈന്‍ ഫുജൈറ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി ജഅഫര്‍ സ്വാദിഖ് അജ്മാന്‍ നന്ദിയും പറഞ്ഞു. ആശംസയുമായി യു.എ.ഇ യിലെ സാമൂഹികസാംസ്കാരിക രംഗത്തെ വിവിധ സംഘടാനാപ്രതിനികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരങ്ങള്‍ പങ്കെടുത്തു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.