സ്വദേശിവത്കരണം: സമീപകാല ഉത്തരവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

അബൂദബി: സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് യു.എ.ഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം ഈയിടെ പ്രഖ്യാപിച്ച ഉത്തരവുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യം. 500ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ ആരോഗ്യ-സുരക്ഷാ ഓഫിസര്‍ തസ്തികയില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കുക, ആയിരത്തിലധികം ജീവനക്കാരുള്ള കമ്പനികള്‍ ഡാറ്റ എന്‍ട്രി തസ്തികകളില്‍ യു.എ.ഇ പൗരന്മാരെ നിയമിക്കുക എന്നീ ഉത്തരവുകള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ മന്ത്രാലയം തിങ്കളാഴ്ച പരിശോധന ആരംഭിക്കും.
500ല്‍ കൂടുതല്‍ ജീവനക്കാരുള്ള നിര്‍മാണ കമ്പനികള്‍ സ്വദേശിയായ ആരോഗ്യ-സുരക്ഷാ ഓഫിസറെ നിയമിച്ചിട്ടില്ളെങ്കില്‍ അവക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ളെന്ന ഉത്തരവ് 2016 ജൂലൈ 16നാണ് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് പുറപ്പെടുവിച്ചത്. 
സ്വകാര്യ കമ്പനികളില്‍ സ്വദേശികളെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന നയത്തിന്‍െറ ഭാഗമായാണ് ഉത്തരവ്. തൊഴിലിടങ്ങളിലെ ആരോഗ്യ-സുരക്ഷാ ഓഫിസര്‍ തസ്തിക യു.എ.ഇ സ്വദേശികള്‍ക്ക് മാത്രമാക്കുന്ന കാര്യം സര്‍ക്കാറിന്‍െറ പരിഗണനയിലാണ്്. ഇത് സംബന്ധിച്ച് വിവിധ മേഖലകളിലെ സാധ്യതകള്‍ പഠനവിധേയമാക്കി വരികയാണ്. 
ജൂലൈ 20നാണ് ആയിരത്തിലധികം ജീവനക്കാരുള്ള കമ്പനികള്‍ ഡാറ്റ എന്‍ട്രി തസ്തികകളില്‍ യു.എ.ഇ പൗരന്മാരെ നിയമിക്കണമെന്ന് മന്ത്രാലയം ഉത്തരവിട്ടത്. 
ഉത്തരവ് പാലിച്ചില്ളെങ്കില്‍ കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റിനെ ബാധിക്കുമെന്ന് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് അറിയിച്ചിരുന്നു. പ്രമുഖ കമ്പനികളിലെ ഇത്തരം തസ്തികകളിലേക്ക് നിയമനം നടത്താന്‍ യോഗ്യരായ യു.എ.ഇ പൗരന്മാരുടെ പട്ടിക നല്‍കാന്‍ മന്ത്രാലയം തയാറാണെന്നും മന്ത്രി പറഞ്ഞിരുന്നു. 
375 പ്രമുഖ കമ്പനികളിലായി ആയിരത്തിലധികം സ്വദേശി ഡാറ്റ എന്‍ട്രി ജീവനക്കാരെ നിയമിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രലായം കണക്കാക്കുന്നത്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.