ഷാർജ: മരുഭൂമിയിൽ കാറ്റ് തീർക്കുന്ന ശിൽപങ്ങൾ നിരവധിയാണ്. വിവിധ ഭാഗങ്ങളിൽ നിന്ന് കാണാകൈയിൽ എടുത്ത് കൊണ്ട് വരുന്ന മണലുകൾ പാകി തീർക്കുന്ന പുളിനങ്ങളിൽ തെളിഞ്ഞ് കാണാം പ്രകൃതിയുടെ പ്രണയ ഭാവങ്ങൾ. സംഗീതത്തിലെ ആരോഹണവരോഹണം പോലെ പ്രവാഹത്തെ ക്രമീകരിച്ചാണ് കാറ്റിെൻറ ശിൽപ രചന. കാറ്റ് മരുഭൂമിയിൽ എഴുതിയ ശിൽപ കാവ്യങ്ങളിലൊന്ന് കെട്ടിടമായി ഉയിർത്തെഴുന്നേൽക്കുകയാണ് ഷാർജയിൽ. മാലിന്യ നിർമാർജ രംഗത്ത് ഗൾഫ് മേഖലയിൽ തന്നെ വെന്നി കൊടി പാറിക്കുന്ന, ഷാർജ സർക്കാറിെൻറ കീഴിൽ പ്രവർത്തിക്കുന്ന ബിയായുടെ ആസ്ഥാന മന്ദിരമാണ് മൺകൂനയുടെ രൂപത്തിൽ ഒരുങ്ങുന്നത്.
ഷാർജ–ദൈദ് റോഡിലെ ഏഴാം നമ്പർ പാലത്തിന് സമീപം സജ വ്യവസായ മേഖലക്കടുത്ത് 90,000 ചതുരശ്രമീറ്റർ വരുന്ന മരുപ്രദേശത്ത് 7000 ചതുരശ്ര മീറ്ററിലാണ് ഈ വിസ്മയ കെട്ടിടത്തിെൻറ നിർമാണം പുരോഗമിക്കുന്നത്. കെട്ടിടത്തിന് ചുറ്റും ഗാഫ് മരങ്ങളും തടാകവും ഉണ്ട്. മരുഭൂമിയിലൂടെ യാത്ര പോകുമ്പോൾ പുളിനങ്ങൾക്കിടയിലും അതിനെ ചുറ്റിയും നിൽക്കുന്ന ഗാഫ് മരങ്ങളും വിസ്മയിച്ച് കിടക്കുന്ന കൊച്ച് തടാകങ്ങളും കണ്ടിട്ടില്ലേ, അതിെൻറ നേർ പതിപ്പാണ് ബിയായുടെ ഈ വിസ്മയ കെട്ടിടം. പ്രകൃതിയെ രക്ഷിക്കുക എന്നതാണ് ബിയായുടെ ലക്ഷ്യം.
മാലിന്യ നിർമാർജന രംഗത്ത് നടപ്പിലാക്കിയ നൂതനാശയങ്ങൾ തന്നെ ഇത് വിവരിച്ച് തരും. ഖര, ദ്രവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്ന രീതിക്ക് ആധുനിക പരിവേഷം നൽകിയത് ബിയായാണ്. കാർബൺ പ്രസരണത്തെ അടുപ്പിക്കാത്ത വിധത്തിലുള്ള സംവിധാനങ്ങളാണ് കെട്ടിടത്തിലുണ്ടാവുക. പകൽ സൂര്യവെളിച്ചത്തിെൻറ പ്രഭയായിരിക്കും കെട്ടിടത്തിനകത്ത്. രാത്രി സൗരോർജ പാനലുകൾ വെളിച്ചം കൊളുത്തും. മരുഭൂമിയിലൂടെ കടന്ന് പോകുന്ന കാറ്റിനെ കെട്ടിടത്തിനകത്തേക്ക് സ്വാഗതം ചെയ്ത് ജൈവീകമായ സാന്നിധ്യം നിലനിറുത്തും.
പ്രധാന ഓഫീസിന് പുറമെ, കാർ പാർക്കിങ്, വിശ്രമ മന്ദിരം, മസ്ജിദ് എന്നിവക്കെല്ലാം തന്നെ പുളിനങ്ങളുടെ ആകൃതിയായിരിക്കും. ഷാർജ സർക്കാറിെൻറ കെട്ടിടങ്ങളെല്ലാം തന്നെ വാസ്തു കല കൊണ്ട് വേറിട്ട് കാഴ്ച സമ്മാനിക്കുന്നവയാണ് പൗരാണിക അറബ് നിർമാണ ചാരുതയും ഒട്ടോമൻ രീതിയും ആധുനികതയും സന്നിവേശിപ്പിച്ചുള്ള രീതിയാണ് ഷാർജയുടെത്. ഗൾഫ് മേഖലയിൽ വേറിട്ട് നിൽക്കുന്നതാണ് ഈ രീതികൾ. വളരുന്ന, ചിന്തിക്കുന്ന കെട്ടിടങ്ങൾ എന്ന് ഇവയെ വിളിച്ചാൽ അതിശയോക്തിയാവില്ല. അൽ ബറാശി മരുഭൂമിയിൽ ഒരുങ്ങുന്ന ബിയായുടെ വിസ്മയ പുളിനം കൂടി വരുന്നതോടെ കെട്ടിട ചാരുതയിൽ ഷാർജയുടെ തിളക്കം കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.