തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍  സഹകരിക്കാന്‍ യു.എ.ഇ-യു.കെ ധാരണ

അബൂദബി: തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംരംഭമായ അബൂദബിയിലെ ‘ഹിദായ’ക്ക് കൂടുതല്‍ പിന്തുണ ലഭ്യമാക്കുന്നതിന് യു.എ.ഇയും ബ്രിട്ടനും ഉടമ്പടി ഒപ്പുവെച്ചു. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണുമാണ് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിനിടെ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയില്‍ ഒപ്പുവെച്ചത്. 
ഹിദായയെ സഹായിക്കാന്‍ ബ്രിട്ടീഷ് വിദഗ്ധരുടെ ദൗത്യസേന രൂപവത്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉടമ്പടിയിലുണ്ട്. ആഗോള നേതൃത്വവും പ്രാദേശിക പിന്തുണയും ആവശ്യമുള്ള ആഗോള പ്രശ്നമാണ് അക്രമാസക്തമായ തീവ്രവാദമെന്ന് കൂടിക്കാഴ്ചക്കിടെ ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.  ബ്രിട്ടന്‍ യു.എ.ഇയുടെ അടുത്ത  സുഹൃത്തും സഖ്യകക്ഷിയുമാണ്. തീവ്രവാദത്തെ നേരിടുന്നതിന് യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന നേതൃത്വത്തിനും ആത്മാര്‍ഥതക്കും നന്ദി പറയുന്നതായും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 
അബൂദബി കേന്ദ്രമായി തീവ്രാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കേന്ദ്രം ‘ഹിദായക്ക്’ തുടര്‍ന്നും വലിയ പിന്തുണ നല്‍കുമെന്ന് ബോറിസ് ജോണ്‍സണും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ആവര്‍ത്തിച്ചു. 2012ലാണ് അബൂദബിയില്‍ ഹിദായ സ്ഥാപിതമായത്. 14 ലക്ഷം അമേരിക്കന്‍ ഡോളര്‍ ഹിദായയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ വര്‍ഷം നല്‍കാമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2020 വരെ എല്ലാ വര്‍ഷവും ഈ തുക നല്‍കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.