അര്‍ബുദത്തിനെതിരെ പ്രതിരോധം  തീര്‍ത്ത് പിങ്ക് കാരവന്‍ പര്യടനം തുടങ്ങി

ഷാര്‍ജ: കാന്‍സറിനെതിരെ ബോധവത്കരണ സന്ദേശവുമായി ആറാമത് പിങ്ക് കാരവന്‍ പര്യടനം തുടങ്ങി. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. 17വരെ നീളുന്ന പര്യടനം പ്രധാനമായും ഉന്നം വെക്കുന്നത് സ്തനാര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തിനാണ്. 
വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കുന്ന പരിശോധനാ ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് പരിശോധനകളും തുടര്‍ ചികിത്സകളും സൗജന്യമായി നല്‍കും. പര്യടനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും അതിന്‍െറ പ്രചാരകര്‍ക്കും ശൈഖ് സുല്‍ത്താന്‍ നന്ദി പറഞ്ഞു. യു.എ.ഇയിലെ ആദ്യ സ്തനാര്‍ബുദ ചികിത്സാ കേന്ദ്രത്തിന്‍െറ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് ഉദ്യാനത്തില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധന നടക്കുന്നുണ്ട്. 
ലോകപ്രശസ്തരായ 100ലധികം പേരാണ് കുതിരപ്പുറത്തുള്ള പര്യടനത്തിന്‍െറ ഭാഗമാകുന്നത്. യൂനിയന്‍ ഇന്‍റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ സി.ഇ.ഒ ഡോ. കാരി ആഡംസ്,  ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്‍റ്സ് ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്‍റ് അമീറ ബിന്‍ കറം തുടങ്ങിയവരോടൊപ്പം പിങ്ക് കാരവന്‍ അംബാസഡര്‍മാരും മാധ്യമ പ്രവര്‍ത്തകരും പര്യടനത്തില്‍ അണിചേരുന്നു. ഷാര്‍ജ ഭരണാധികാരിയുടെ പത്നിയും  ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്‍റ്സിന്‍െറ രക്ഷാധികാരിയുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പര്യടനം നടക്കുന്നത്. 
തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്ന്  തുടങ്ങിയ അശ്വാരൂഢരുടെ പര്യടനം ഏഴ് എമിറേറ്റുകളിലൂടെ സഞ്ചരിച്ച് 17ന് അബൂദബിയില്‍ സമാപിക്കും. 
സ്തനാര്‍ബുദത്തെ കുറിച്ചുള്ള ബോധവത്കരണവുമായി കഴിഞ്ഞ അഞ്ചുവര്‍ഷവും നടത്തിയ പിങ്ക് കാരവന്‍ പര്യടനം നിരവധി പേര്‍ക്ക് പ്രയോജനപ്പെട്ടിരുന്നു. 36,332 പേരാണ് വിവിധ കേന്ദ്രങ്ങളില്‍ നടന്ന രോഗ നിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുത്തത്. 
10,839 കേസുകള്‍ മാമോഗ്രഫി പരിശോധനക്ക് നിര്‍ദേശിച്ചു. 1362 കേസുകളില്‍ അള്‍ട്രാസൗണ്ട് പരിശോധനയും നടത്തി. 27 പേരില്‍ സ്തനാര്‍ബുദം കണ്ടത്തെി. ഇവര്‍ക്ക് ആധുനിക ചികിത്സകള്‍ ലഭ്യമാക്കി. 75 ലക്ഷം ദിര്‍ഹമാണ് ഇതിനായി ചെലവഴിച്ചത്. ആറാമത് പര്യടനത്തില്‍ കൂടുതല്‍ പേര്‍ പരിശോധനക്കത്തെുമെന്നാണ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.