ദുബൈ വാട്ടര്‍ കനാല്‍: ശൈഖ് സായിദ് റോഡിലെ രണ്ടാം പാലം വെള്ളിയാഴ്ച തുറക്കും

ദുബൈ: ദുബൈ വാട്ടര്‍ കനാലിന്‍െറ ഭാഗമായി ശൈഖ് സായിദ് റോഡില്‍ ബിസിനസ് ബേയില്‍ നിര്‍മിച്ച രണ്ടാം മേല്‍പ്പാലം ജൂലൈ ഒന്നിന് ഗതാഗതത്തിന് തുറക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. ദുബൈ- അബൂദബി ദിശയിലുള്ള പാലത്തിലൂടെ വെള്ളിയാഴ്ച മുതല്‍ വാഹനങ്ങള്‍ കടത്തിവിടും. മൊത്തം എട്ടു വരികളുള്ള പാലത്തിലെ ആറു വരിയാണ് വെള്ളിയാഴ്ച തുറക്കുന്നത്. ബാക്കി രണ്ടെണ്ണം ജൂലൈ പകുതിയോടെ തുറക്കും. ഇതോടെ ദുബൈ വാട്ടര്‍ കനാലിന്‍െറ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകും.
800 മീറ്റര്‍ നീളമുള്ള പാലങ്ങളാണ് രണ്ട് ദിശകളിലേക്കുമായി നിര്‍മിച്ചിരിക്കുന്നത്.
ശൈഖ് സായിദ് മുറിച്ച് കടന്നുപോകുന്ന വാട്ടര്‍ കനാലിന് മുകളിലൂടെയാണ് പാലം. ജലോപരിതലത്തില്‍ നിന്ന് എട്ടര മീറ്ററാണ് ഉയരം. വാട്ടര്‍ കനാലിലൂടെ ജലയാനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ സാധിക്കും. അബൂദബി- ദുബൈ ദിശയിലെ പാലത്തിന്‍െറ നിര്‍മാണം മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കി വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. വാട്ടര്‍ കനാലിലൂടെ ഒഴുകുന്ന വെള്ളം പാലത്തിനടിയിലൂടെ കടന്നുപോകുമ്പോള്‍ ചെറുവെള്ളച്ചാട്ടത്തിന്‍െറ പ്രതീതിയുണ്ടാകും. പാലത്തില്‍ സ്മാര്‍ട്ട് വിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രത്യേക ആപ്പിന്‍െറ സഹായത്തോടെ വെളിച്ചം ക്രമീകരിക്കാന്‍ കഴിയും. മാത്രവുമല്ല, പാലത്തിന്‍െറ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായി പങ്കുവെക്കും. ഇതിനായി പാലത്തിലുടനീളം ത്രീജി സാങ്കേതികവിദ്യ സേവനം ഉറപ്പാക്കുമെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു.   
പദ്ധതിയുടെ ഭാഗമായി അല്‍ വാസല്‍, ജുമൈറ റോഡുകളിലും പാലം പണി നടക്കുന്നുണ്ട്. അല്‍ വാസല്‍ റോഡിലെ പാലം ജൂണില്‍ ഭാഗികമായി തുറന്നു. ജുമൈറ റോഡിലെ പാലം ജൂലൈയില്‍ തുറക്കും. പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ മൂന്നാംഘട്ടത്തിന്‍െറ ഭാഗമായ കനാല്‍ കുഴിക്കലില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കനാലിന്‍െറ വശങ്ങള്‍ കെട്ടല്‍, ഇരുകരകളെയും ബന്ധിപ്പിച്ച് നടപ്പാലം നിര്‍മിക്കല്‍, 10 ജലഗതാഗത സ്റ്റേഷനുകള്‍ നിര്‍മിക്കല്‍ എന്നിവയും ഈ ഘട്ടത്തിന്‍െറ ഭാഗമാണ്. ഇതോടൊപ്പം ജുമൈറ ബീച്ച് പാര്‍ക്കിന്‍െറ മോടിപിടിപ്പിക്കലും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.