ഷാര്‍ജ: ഷാര്‍ജ കാലിച്ചന്തയുടെ ചന്തം ഇപ്പോള്‍ ഇന്ത്യയില്‍ നിന്നത്തെിയ മൂരിക്കുട്ടന്‍മാരാണ്. നിരവധി കന്നുകാലികളാണ് റമദാന്‍ പ്രമാണിച്ച് കപ്പലേറി ഇന്ത്യയില്‍ നിന്ന് എത്തിയിട്ടുള്ളത്. മൂരി, ആട് എന്നിവയാണ് കൂടുതല്‍. റമദാനിലെ അറബികളുടെ ഇഷ്ട വിഭവമായ അരീസ തയ്യാറാക്കാനാണ് ഇവയുടെ ഇറച്ചി ഉപയോഗിക്കുന്നത്. ബിരിയാണിക്കും ഇവയുടെ ഇറച്ചി ഉപയോഗിക്കുന്നു. പോഷക സമൃദ്ധമായ അരീസയുടെ പ്രധാന ചേരുവകള്‍ ഗോതമ്പും ഇറച്ചിയുമാണ്. ഇറച്ചിയും ഗോതമ്പും മറ്റ് കൂട്ടുകളും വെന്ത് ഏകദേശം കുഴമ്പ് പരുവത്തിലാകും വരെ പാചകക്കാരന് പിടിപ്പത് പണിയാണ്. അടിയില്‍ പിടിക്കാതെ ഇളക്കലാണ് പ്രധാന ജോലി. എളുപ്പത്തില്‍ ദഹിച്ച് ശരീരത്തിന് ആവശ്യമായ ഊര്‍ജം പകരുവാനുള്ള കഴിവാണ് ഇവ അറബികളുടെ ഇഷ്ട ഭോജനമാകാന്‍ കാരണം. വന്‍വിലക്കാണ് മൂരികള്‍ വിറ്റ് പോകുന്നത്. ചന്തയില്‍ ഇവ ഇറങ്ങിയ അന്നുതന്നെ നിരവധി പേരാണ് വാങ്ങാനത്തെിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇവയെ ചന്തയില്‍ കാണാന്‍ കിട്ടില്ല എന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.
കുതിര മുതല്‍ മുയല്‍ വരെയുള്ള മൃഗങ്ങളെയെല്ലാം ഷാര്‍ജ അല്‍ ജുബൈലിലെ ചന്തയില്‍ വാങ്ങാന്‍ കിട്ടും. പക്ഷികളും യഥേഷ്ടമുണ്ട്. പഴം-പച്ചക്കറി ചന്തയില്‍ ഈത്തപ്പഴങ്ങളും ആവോളം എത്തിയിട്ടുണ്ട്. അറബ് രാജ്യങ്ങളിലെ തോട്ടങ്ങളില്‍ നിന്നാണ് ഇവയുടെ വരവ്. ഇനങ്ങള്‍ക്കനുസരിച്ചാണ് വില. ഇഫ്താറിനാവശ്യമായ സാധന-സാമഗ്രികള്‍ വാങ്ങാനുള്ള തിരക്കാണ് ദിവസങ്ങളായി ചന്തയില്‍. കുടുംബ സമേതം വന്നാണ് അറബികള്‍ സാധനങ്ങള്‍ വാങ്ങി കൂട്ടുന്നത്. മലയാളികള്‍ അടക്കമുള്ള കുടുംബങ്ങളും ചന്തകളില്‍ എത്തുന്നു.
റമദാന്‍ കാലത്ത് അറബികള്‍ സല്‍ക്കാര പ്രിയരാണ്. നാട്ടുകാരെയും മറുനാട്ടുകാരെയും അവര്‍ സല്‍ക്കരിക്കുന്നു. ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കി പള്ളികളിലേക്ക് കൊടുത്തയക്കുന്നു. ഇഫ്താറിനുള്ള കൂടാരങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. അധികൃതര്‍ സുരക്ഷാപരിശോധനകളും ഏകദേശം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും തുടര്‍ പരിശോധനകള്‍ നടക്കും. പള്ളികളില്‍ നമസ്ക്കരിക്കാനത്തെുന്നവര്‍ക്കായി സൗകര്യങ്ങളും കൂട്ടിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളാണ് പള്ളികളില്‍ ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.