????? ??????? ????????? ???? ????

പൊതുമേഖലയില്‍ 60 സന്തോഷ-ക്രിയാത്മക ഓഫിസര്‍മാരെ നിയമിച്ചു

അബൂദബി: രാജ്യത്തെ ഫെഡറല്‍-പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 60 സന്തോഷ-ക്രിയാത്മക ഓഫിസര്‍മാറെ നിയമിച്ചതായി സന്തോഷ കാര്യ സഹമന്ത്രി ഉഹൂദ് ബിന്‍ത് ഖല്‍ഫാന്‍ അല്‍ റൂമി പ്രഖ്യാപിച്ചു. സമഗ്രമായ പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഇവര്‍ ചുമതലയേല്‍ക്കുക. പരിശീലനം നല്‍കാന്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗ്രെയ്റ്റര്‍ ഗുഡ് സയന്‍സ് സെന്‍റര്‍, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഓക്സ്ഫോര്‍ഡ് മൈന്‍ഡ്ഫുള്‍നെസ് സെന്‍റര്‍ എന്നിവയുമായി ഉഹൂദ് ബിന്‍ത് ഖല്‍ഫാന്‍ അല്‍ റൂമി കരാറില്‍ ഒപ്പുവെച്ചു.
സന്തോഷകരമായ സമൂഹത്തിന്‍െറ സൃഷ്ടിപ്പിന് സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികള്‍ ഏകോപിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ് സന്തോഷ-ക്രിയാത്മക ഓഫിസര്‍മാരുടെ മുഖ്യ ചുമതല. സന്തോഷ-ക്രിയാത്മക ദേശീയ പദ്ധതികള്‍ അവര്‍ നടപ്പാക്കും. വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും രൂപവത്കരിക്കുന്ന സന്തോഷ സമിതികളെ പരസ്പരം ഏകോപിപ്പിക്കുന്നതും ഇവരായിരിക്കും.
ലോകനിലവാരത്തിലുള്ള അറിവും പ്രായോഗിക പരിജ്ഞാനവും കൈമുതലായുള്ള ദേശീയ നേതാക്കളുടെ പുതിയ തലമുറയെ വാര്‍ത്തെടുക്കാനും സര്‍ക്കാര്‍ പദ്ധതികളോടുള്ള സമീപനമെന്ന നിലയിലും സംസ്കാരമെന്ന നിലയിലും സന്തോഷവും ക്രിയാത്മകതയും പ്രോത്സാഹിപ്പിക്കുന്ന ഉദ്യമങ്ങള്‍ക്ക് അവരെ പ്രാപ്തരാക്കാനും സാധിക്കുന്ന തരത്തിലാണ് ഓഫിസര്‍മാരുടെ പരിശീലനം തയാറാക്കിയിരിക്കുന്നത്.
സന്തോഷത്തിന്‍െറയും ക്രിയാത്മകതയുടെയും ശാസ്ത്രം, മനസ്സാന്നിധ്യം, സന്തോഷകരമായ സംഘത്തെ നയിക്കല്‍, സര്‍ക്കാര്‍ പ്രവൃത്തികളിലെ സന്തോഷവും നയങ്ങളും, സന്തോഷ നിര്‍ണയം എന്നീ അഞ്ച് അടിസ്ഥാനങ്ങളിലാണ് പരിശീലന പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്.  സെപ്റ്റംബറില്‍ തുടങ്ങുന്ന പരിശീലനം 2017 ജനുവരിയില്‍ പൂര്‍ത്തിയാകും. പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, മേഖലയിലെ മികച്ച ആഗോള നടപടികളും അനുഭവങ്ങളും മനസ്സിലാക്കാന്‍ വിദ്യാഭ്യാസ സന്ദര്‍ശനങ്ങള്‍, ശില്‍പശാലകള്‍ തുടങ്ങിയവ പരിശീലനത്തിന്‍െറ ഭാഗമാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ സര്‍ക്കാര്‍ വകുപ്പുകളിലും സമൂഹത്തിലും സന്തോഷവും ക്രിയാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കി നടപ്പാക്കും.
സന്തോഷ-ക്രിയാത്മക ദേശീയ പദ്ധതിക്ക് ഫെഡറല്‍-പ്രാദേശിക സര്‍ക്കാറുകളില്‍ിനിന്ന് 200ഓളം നമാനിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. യോഗ്യത, തൊഴില്‍മികവ് എന്നിവക്ക് പുറമെ ക്രിയാത്മകത, ഊര്‍ജസ്വലത, കഴിവ്, ജനസ്വാധീനം തുടങ്ങിയവ കൂടി പരിഗണിച്ചാണ് ഇവരില്‍നിന്ന് 60 പേരെ തെരഞ്ഞെടുത്തത്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നിര്‍ദേശത്തിന്‍െറ ഫലമായാണ് പുതുതായി സൃഷ്ടിച്ച സന്തോഷ-ക്രിയാത്മക ഓഫിസര്‍ തസ്തികകളില്‍ കഴിവുറ്റ യു.എ.ഇ യുവാക്കളെ നിയമിച്ചതെന്ന് ഉഹൂദ് ബിന്‍ത് ഖല്‍ഫാന്‍ അല്‍ റൂമി പറഞ്ഞു.
ഓഫിസര്‍മാര്‍ക്ക് നല്‍കുന്ന പരിശീലനം ഭാവിയെ കണക്കിലെടുത്തുള്ള യു.എ.ഇ സര്‍ക്കാറിന്‍െറ ആലോചനയുടെ പ്രതിഫലനമാണെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും മന്ത്രാലയങ്ങളും ഉപഭോക്തൃ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സന്തോഷകാര്യ മന്ത്രാലയം നേരത്തെ കസ്റ്റമര്‍കെയര്‍ ഹാപ്പിനസ് ഫോര്‍മുല പുറത്തിറക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.