ബാസിത്തിന് പരമാവധി ശിക്ഷ തന്നെ  കിട്ടണം; അപ്പീലിന് പോകില്ല-പിതാവ്

ഷാര്‍ജ: ‘അവന്‍ എന്‍െറ മകന്‍ തന്നെയാണ്. എന്നാല്‍ ആ പാവപ്പെട്ട മനുഷ്യനെ അവനാണ് കൊന്നതെങ്കില്‍ മതിയായ ശിക്ഷ തന്നെ ലഭിക്കണം. എന്തിനാണ് ഈ മഹാപാതകം അവന്‍ ചെയ്തത്. എവിടെ നിന്നാണ് അതിന് ധൈര്യം കിട്ടിയത്. അവന് ആരാണ് ഇത്തരം കാര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയത്. അവനുവേണ്ടി വക്കാലത്തിനൊന്നും ഞാന്‍ പോകില്ല. മാന്യമായി ജീവിക്കട്ടെയെന്ന് കരുതിയാണ് ആ പാവപ്പെട്ട മനുഷ്യനോട് പറഞ്ഞ് അവന് വിസ ഒപ്പിച്ച് നല്‍കിയത്’. തലശ്ശേരി കടവത്തൂര്‍ സ്വദേശിയും അസ്ഹര്‍ അല്‍ മദീന ട്രേഡിങ് സെന്‍റര്‍ മാനേജറുമായ അടിയോത്ത് അബൂബക്കറിനെ കൊലചെയ്ത കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുല്‍ ബാസിത്തിന്‍െറ പിതാവ് കണ്ണൂര്‍ കൊളച്ചേരി പള്ളിപറമ്പ് സ്വദേശി മൊയ്തീന്‍കുഞ്ഞിന്‍െറ വാക്കുകളാണിത്. മകന് വധശിക്ഷ ലഭിച്ചതുമായി ബന്ധപ്പെട്ട്  നിയമനടപടിക്ക് പോകുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് മൊയ്തീന്‍കുഞ്ഞി വികാരാധീനനായത്. 
22 വര്‍ഷമായി ഇവിടെയുള്ള മൊയ്തീന്‍കുഞ്ഞി ഹോട്ടല്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ബാസിത്തിന്‍െറ ഉമ്മയുമായുള്ള വിവാഹബന്ധം പിരിഞ്ഞെങ്കിലും മകന്‍െറ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് വിസ സംഘടിപ്പിച്ച് കൊടുക്കാന്‍ കാരണം. കൊലചെയ്യപ്പെട്ട അബൂബക്കറാണ് അതിന് സഹായിച്ചത്. എന്നാല്‍ ഇവിടെയത്തെിയ മകന്‍ പിതാവെന്ന പരിഗണനയൊന്നും തനിക്ക് നല്‍കിയിരുന്നില്ളെന്ന് മുഹമ്മദ്കുഞ്ഞി പറഞ്ഞു. ബാസിത്തിന്‍െറ ഉമ്മയുടെ രണ്ടാം വിവാഹത്തിലുള്ള മകളുടെ കല്യാണത്തിന് നാലുമാസം മുമ്പ് അവന്‍ പോയിരുന്നുവെന്നും എന്നാല്‍ പോകുമ്പോഴോ വന്നതിന് ശേഷമോ താനുമായി യാതൊരു വിധ ബന്ധവും ഉണ്ടായിരുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. 
എന്നും പ്രഭാതനമസ്കാരം കഴിഞ്ഞാല്‍ അബൂബക്കര്‍ താന്‍ ജോലി ചെയ്യുന്ന ഭക്ഷണശാലയില്‍ വരാറുണ്ട്. വന്നാല്‍ പ്രയാസങ്ങളൊക്കെ ചോദിച്ചറിയും. ആശ്വസിപ്പിക്കും. ചിരിച്ചുകൊണ്ടല്ലാതെ സംസാരിക്കാറില്ല. അബൂബക്കറിന്‍െറ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ ഉറക്കം കിട്ടാറില്ളെന്ന് മൊയ്തീന്‍കുഞ്ഞി പറഞ്ഞു. അബൂബക്കറിനെയും അദ്ദേഹത്തിന്‍െറ മക്കളെയും കുറിച്ചുള്ള ചിന്ത വിടാതെ പിന്തുടരുന്നു. പിതാവ് നഷ്ടപ്പെട്ട കാലത്ത് താന്‍ അനുഭവിച്ച ദുരിതങ്ങള്‍ ഓര്‍ത്ത് ഉറക്കത്തില്‍ ഞെട്ടി ഉണരും. കൊലപാതകിയെ പെട്ടെന്ന് പിടികൂടാന്‍ പ്രാര്‍ഥിക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. കൊലപാതകി മകനാണെന്ന് അറിഞ്ഞപ്പോള്‍ പരമാവധി ശിക്ഷ തന്നെ കിട്ടണമെന്നാണ് ആഗ്രഹിച്ചത്. അവന്‍ കേസില്‍ നിന്ന് രക്ഷപ്പെടരുത്. പുറത്തിറങ്ങിയാല്‍ അവനിനിയും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടും. തന്നെ പോലും ചിലപ്പോള്‍ ഇല്ലാതാക്കും. അബൂബക്കറിന്‍െറ മരണ ശേഷം ഉറക്കം നഷ്ടപ്പെട്ട താന്‍ സുഖമായുറങ്ങിയത് പ്രതിയെ പിടികൂടിയതിന് ശേഷമാണെന്നും മൊയ്തീന്‍കുഞ്ഞി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.