അബൂദബി: രാജ്യത്തിന്‍െറ വരുമാനത്തിന് എണ്ണയെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനായി യു.എ.ഇ നടപടികള്‍ സ്വീകരിക്കുന്നു. പെട്രോളിനും ഡീസലിനും നല്‍കിയിരുന്ന സബ്സിഡി ഒഴിവാക്കുകയും അന്താരാഷ്ട്ര വിപണിക്ക് തുല്യമായി വില നിശ്ചയിക്കുകയും ചെയ്തതിന് പിന്നാലെ കൂടുതല്‍ മേഖലകളിലേക്ക് പരിഷ്കരണം കൊണ്ടുവരുമെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്റൂയി വ്യക്തമാക്കി. വൈദ്യുതിക്ക് നല്‍കുന്ന സബ്സിഡി ഒഴിവാക്കലും യഥാര്‍ഥ വിലക്ക് വില്‍ക്കുന്നതും പരിഗണനയിലുണ്ട്. ഊര്‍ജ ഉല്‍പാദക കമ്പനികള്‍ക്ക് സബ്സിഡി നിരക്കില്‍ ഗ്യാസ് നല്‍കുന്നത് ഒഴിവാക്കുകയും ലക്ഷ്യമാണ്. സ്വിറ്റ്സര്‍ലാന്‍റിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ അറബ് ലോകത്തെ സാമ്പത്തിക പരിഷ്കരണം സംബന്ധിച്ച ‘അല്‍ അറബിയ’ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സുഹൈല്‍ ബിന്‍ മുഹമ്മദ്.
യഥാര്‍ഥ വില നല്‍കുന്നതിന് ഉപഭോക്താക്കള്‍ തയാറാകണം. പെട്രോളിനും ഡീസലിനും നിലവില്‍ യഥാര്‍ഥ വിലയാണ് നല്‍കുന്നത്. അടുത്തത് വൈദ്യുതിയാണ്- മന്ത്രി പറഞ്ഞു. അതേസമയം, നിലവിലെ സാഹചര്യത്തില്‍ വീട്ടുപയോഗത്തിനുള്ള വൈദ്യുതിയുടെ സബ്സിഡി പൂര്‍ണമായും ഒഴിവാക്കില്ല. ആദ്യ ഘട്ടത്തില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് പ്രാവര്‍ത്തികമാക്കുക. സബ്സിഡികള്‍ ഒഴിവാക്കുകയും സേവനങ്ങളുടെയും ഉല്‍പന്നങ്ങളുടെയും വില രാജ്യാന്തര നിലവാരത്തിന് തുല്യമാകുകയും ചെയ്താല്‍ ഉല്‍പാദക കമ്പനികള്‍ക്ക് ഗ്യാസ് യു.എ.ഇയില്‍ നിന്നുള്ളത് ഉപയോഗിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യാന്‍ സാധിക്കും.
എണ്ണ വരുമാനത്തെ ആശ്രയിക്കുന്നതില്‍ നിന്ന് ബജറ്റിനെ സ്വതന്ത്രമാക്കുകയെന്ന വിശാല പദ്ധതിയുടെ ഭാഗമായാണ് സബ്സിഡി വെട്ടിച്ചുരുക്കല്‍ നടത്തുന്നത്. എണ്ണ വരുമാനത്തെ ആശ്രയിക്കാതെ സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിനാണ് യു.എ.ഇ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എണ്ണ വരുമാനം ഉണ്ടെങ്കിലും ഊര്‍ജസ്വലമായ സമ്പദ്വ്യവസ്ഥയാണ് ലക്ഷ്യം വെക്കുന്നത്.
സബ്സിഡി ഇല്ലാതാക്കുന്നതിലൂടെ സര്‍ക്കാറിന് ലഭിക്കുന്ന വരുമാനം ലോകോത്തര അടിസ്ഥാന സൗകര്യ വികസനത്തിനും ആധുനിക വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനും ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുന്നതിനും ഉപയോഗിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നികുതി സംബന്ധിച്ച് സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യത്തിനും മന്ത്രി മറുപടി നല്‍കി. നിരവധി യു.എ.ഇ കമ്പനികള്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുകയും നിരവധി രാജ്യങ്ങളില്‍ നികുതി നല്‍കുകയും ചെയ്യുന്നുണ്ട്. ഇത്തിഹാദ്, എമിറേറ്റ്സ് പോലുള്ള വിമാന കമ്പനികളും ഡി.പി. വേള്‍ഡും മുബാദലയും എല്ലാം അവരവരുടെ മേഖലകളില്‍ ലോക തലത്തില്‍ തന്നെ മുന്നില്‍ നില്‍ക്കുകയാണ്. ലോകത്തെ പെട്രോ കെമിക്കല്‍ വ്യാപാര മേഖലയില്‍ മൂന്നാം സ്ഥാനവും യു.എ.ഇക്കാണ്. രാജ്യത്തിന് പുറത്ത് ഈ സ്ഥാപനങ്ങളെല്ലാം നികുതി നല്‍കുന്നുണ്ട്. യു.എ.ഇയില്‍ നികുതി നടപ്പിലായാല്‍ അത് പ്രയാസമാകില്ളെന്നും അദ്ദേഹം പറഞ്ഞു.
എണ്ണ വിലയിലുണ്ടായ വന്‍ ഇടിവ് സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കും വൈവിധ്യവത്കരണത്തിനുമുള്ള അവസരമായി എടുക്കുകയാണ് വേണ്ടത്. സാമ്പത്തിക വളര്‍ച്ച മുന്നില്‍ നിര്‍ത്തിക്കൊണ്ട് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുകയും പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യണം. ലോക സാഹചര്യത്തെ കൂടുതല്‍ മനസ്സിലാക്കി കൊണ്ടുള്ള നടപടികളാണ് വേണ്ടത്.
പുതിയ എണ്ണയിതര വ്യവസായങ്ങള്‍ ഉണ്ടാക്കല്‍ മാത്രമല്ല വൈവിധ്യവത്കരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. വൈവിധ്യമാര്‍ന്ന ജനസംഖ്യയും ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.