എണ്ണവിലയിടിവ് രാജ്യത്തെ ബാധിക്കില്ളെന്ന് ധനമന്ത്രി

ദുബൈ:  യു.എ.ഇയുടെ  സമ്പദ്ഘടന ഏറെ സുശക്തമാണെന്നും എണ്ണ വിലിയിടിവ് അതിനെ ബാധിച്ചിട്ടില്ളെന്നും ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി. വൈവിധ്യമാര്‍ന്ന മേഖലകളില്‍ ശ്രദ്ധ ഊന്നുന്ന യു.എ.ഇയുടെ എണ്ണയുടെ മേലുള്ള ആശ്രയം വര്‍ഷം തോറും കുറഞ്ഞുവരികയാണെന്ന് അദ്ദേഹം ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിലവിലുള്ള വികസന പദ്ധതികള്‍ തുടരും.  
എണ്ണവിലയില്‍ ഇനിയൂം ഇടിവുണ്ടായാല്‍ നേരിടുന്നതിന് വ്യവസായം, സേവനം അടക്കമുള്ള മേഖലകളെ പ്രാപ്തമാക്കും. വിഷന്‍ 2021ന്‍െറ ഭാഗമായി ആരോഗ്യം, സാമൂഹിക വികസനം, വിദ്യഭ്യാസം, പൊതുമരാമത്ത്, സാമൂഹികകാര്യം, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ രംഗങ്ങളില്‍ വിവിധ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കുന്നുണ്ട്. 
ദീര്‍ഘവീക്ഷണത്തോടെയുള്ള സാമ്പത്തിക നയങ്ങളാണ് രാജ്യം പിന്തുടരുന്നത്. 
ആഗോളതലത്തില്‍ എണ്ണവിലയിലുണ്ടായ ഇടിവ് രാജ്യത്തെ പരിമിതമായ തോതിലേ ബാധിച്ചിട്ടുള്ളൂവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഫെഡറല്‍ ബജറ്റ്. എണ്ണവിലയിടിവ് ഏറ്റവും കുറഞ്ഞ തോതില്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് യു.എ.ഇ.യെന്ന് അന്താരാഷ്ട്ര നാണയ നിധി നിരീക്ഷിച്ചിട്ടുണ്ട്. യു.എ.ഇയുടെ മൊത്ത ആഭ്യന്തര വരുമാനത്തിന്‍െറ 69 ശതമാനവും എണ്ണയിതര മേഖലയില്‍ നിന്നാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.