ദുബൈ ജനതയുടെ സന്തോഷം  വര്‍ധിച്ചു, സുരക്ഷാ ബോധം ഇരട്ടിച്ചു

ദുബൈ: ജനങ്ങളില്‍ സന്തോഷവും സംതൃപ്തിയും വളര്‍ത്താന്‍ ആവിഷ്കരിച്ച നയങ്ങളും നടപടികളും ഫലപ്രാപ്തിയിലേക്ക്. സന്തോഷവും സുരക്ഷാ ബോധവും മുന്‍പത്തേക്കാളേറെ വര്‍ധിച്ചതായി  തിങ്കളാഴ്ച പുറത്തു വന്ന ദുബൈ സാമൂഹിക സര്‍വേ ഫലത്തിന്‍െറ നാലാം ഭാഗം വ്യക്തമാക്കുന്നു. സന്തോഷ സൂചികകള്‍ പ്രകാരം പത്തില്‍ 8.2 നിലവാരമാണ് നഗരത്തിന്. 98 ശതമാനം ജനങ്ങളും താമസക്കാരും ഇവിടുത്തെ തെരുവുകളില്‍ സുരക്ഷാബോധം അനുഭവിക്കുന്നു. സുരക്ഷയില്‍ ഏറ്റവും മികച്ച നാടുകളെന്നു പേരുകേട്ട ഹോംകോംഗിലും സിംഗപൂരിലും ഇത് 91 ശതമാനമാണ്. സ്വദേശികളല്ലാത്ത 95 ശതമാനം താമസക്കാരുടെയും കാഴ്ചപ്പാടില്‍ മത സ്വാതന്ത്ര്യം ഇവിടെയുണ്ട്. 93 ശതമാനം പേരും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന അഭിപ്രായക്കാരാണ്. 
ദുബൈ പൊലീസ് നീതിപൂര്‍വമായി പ്രവര്‍ത്തിക്കുന്നു എന്ന നിലപാടാണ് 94 ശതമാനം പേര്‍ക്ക്. 99 ശതമാനം വയോധികരും പൊലീസ് നല്‍കുന്ന സേവനത്തില്‍ തൃപ്തരാണ്. പ്രത്യേക ആവശ്യങ്ങളുള്ള-ഭിന്നശേഷിയുള്ള 62 ശതമാനം പേരും ഇവിടെ സ്വതന്ത്രവും സ്വാശ്രയവുമായ ജീവിതം നയിക്കുന്നതായി അഭിപ്രായപ്പെട്ടു. 5456 വിദേശികളടക്കം ദുബൈയില്‍ താമസിക്കുന്ന 15,165 പേരില്‍ നിന്നാണ് കമ്യൂണിറ്റി ഡവലപ്മെന്‍റ് അതോറിറ്റിയും ദുബൈ സ്റ്റാറ്റിറ്റിക്സ് സെന്‍ററും ചേര്‍ന്ന് വിവരശേഖരണം നടത്തിയത്.  
സര്‍വേ ഫലങ്ങള്‍ വിശകലനം ചെയ്ത ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാശിദ് ആല്‍ മക്തൂം ജനത സുരക്ഷിതത്വബോധം അനുഭവിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ സന്ദേശമെന്ന് അഭിപ്രായപ്പെട്ടു. യു.എ.ഇയെ സംബന്ധിച്ചടുത്തോളം ഇതു പുതിയ കാര്യമല്ളെന്നും സഹിഷ്ണുതയും  നിയമവാഴ്ചയുമുള്ള നാട്ടില്‍ പരിഷ്കൃതവും സന്തുഷ്ടവുമായ സമൂഹം ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സുരക്ഷിതത്വം സര്‍ക്കാറിന്‍െറ മുഖ്യ പരിഗണനയാണെന്നും സാമൂഹിക ക്ഷേമവും സന്തോഷവുമാണ് ലക്ഷ്യങ്ങളെന്നും ശൈഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.