ഷാര്‍ജയില്‍ നവജാത ശിശുവിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

ഷാര്‍ജ: ഷാര്‍ജയിലെ ഏറ്റവും തിരക്കേറിയ ജനവാസ മേഖലയും വിനോദസഞ്ചാര മേഖലയുമായ അല്‍ മജാസിലെ  ജമാല്‍ അബ്ദുന്നാസര്‍ റോഡരികില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പാതയോരത്തൂടെ നടന്ന് പോകുന്നവരാണ് നിര്‍ത്താതെ കരയുന്ന കുഞ്ഞിനെ കണ്ടത്തെിയത്. ഉടന്‍ തന്നെ വിവരം സമീപത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. പൊലീസുകാരത്തെി കുഞ്ഞിനെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍െറ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ രക്ഷിതാക്കള്‍ക്കായി പൊലീസ് വലവിരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇത്തരം ക്രൂരകൃത്യം നടത്തി കടന്ന മാതാവിനെ പൊലീസ് പിടികൂടിയിരുന്നു. ഒരിടവേളക്ക് ശേഷം ഇത്തരം കേസുകള്‍ ആവര്‍ത്തിക്കുന്നത് കണക്കിലെടുത്ത് ശക്തമായ നീക്കമാണ് ഇത്തരം ഹീന പ്രവൃത്തികള്‍ ചെയ്യുന്നവരെ കണ്ടത്തൊന്‍ പൊലീസ് നടത്തുന്നത്. കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിച്ചതിന്‍െറ പേരില്‍ ശിശു സൗഹൃദ എമിറേറ്റ് എന്ന പേര് തന്നെ ഷാര്‍ജ കൈവരിച്ചിട്ടുണ്ട്. ശിശുക്കള്‍ക്കെതിരെ ഉയരുന്ന ഏത് നീക്കവും ശക്തമായി നേരിടുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഷാര്‍ജയുടെ പലഭാഗത്തും നവജാത ശിശുക്കളെ ഉപേക്ഷിച്ച് കടന്നുകളയുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ജീവനോടെ ലഭിക്കുന്ന കുട്ടികളെ അതീവ ജാഗ്രതയോടെയാണ് ഷാര്‍ജയില്‍ സംരക്ഷിക്കുന്നത്. ഇതിനായി പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന കുട്ടികളെ ദത്തെടുക്കാന്‍ വരുന്നവരെക്കുറിച്ച എല്ലാ കാര്യങ്ങളും അന്വേഷിച്ച് തൃപ്തി വന്നതിന് ശേഷമാണ് നല്‍കാറുള്ളത്.
അവിഹിത മാര്‍ഗത്തിലൂടെ ജനിക്കുന്ന കുട്ടികളെ കൊന്നുകളയുന്ന പ്രവണതയും ചിലര്‍ക്കിടയിലുണ്ട്. മാലിന്യ തൊട്ടികളില്‍ നിന്നും മറ്റും കുട്ടികളുടെ മൃതശരീരങ്ങള്‍ കണ്ടത്തെിയിരുന്നു. അവിഹിത ബന്ധങ്ങളിലൂടെ ജനിക്കുന്ന കുട്ടികളാണ് ഇത്തരം ക്രൂരതകള്‍ക്ക് വിധേയമാകുന്നത്. നിയമപാലകരുടെ കൈയില്‍ അകപ്പെട്ടാല്‍ ശിക്ഷയും അത് കഴിഞ്ഞാല്‍ നാടുകടത്തലും ഉറപ്പാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.