അബൂദബി: ശമ്പളം കിട്ടാതെ ദുരിതത്തിലായ ഇലക്ട്രോ മാഗ്നറ്റിക് കമ്പനിയിലെ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസി 1200 ദിര്‍ഹം വീതം നല്‍കും. മലയാളികള്‍ ഉള്‍പ്പെടെയുള്ള 86 തൊഴിലാളികള്‍ക്കാണ് എംബസിയുടെ സഹായധനം ലഭിക്കുക. ഇവരില്‍ 50 പേരെ അടുത്തയാഴ്ച സ്വദേശത്തേക്ക് തിരിച്ചയക്കാന്‍ യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. മലയാളിയുടെ ഉടമസ്ഥതയില്‍ അബൂദബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് നിരവധി മാസങ്ങളായി ശമ്പളമില്ലാതെ തൊഴിലാളികള്‍ പ്രയാസത്തിലായിരുന്നു. തൊഴിലാളികളുടെ ദുരിതം ജൂലൈ 12ന് ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തൊഴിലാളികള്‍ക്കുള്ള സഹായധനം ഒരു പണവിനിമയ കേന്ദ്രത്തില്‍ എംബസി നിക്ഷേപിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കി തൊഴിലാളികള്‍ക്ക് ഈ പണം സ്വീകരിക്കാന്‍ സാധിക്കും. 72 തൊഴിലാളികളാണ് ദുരിതത്തിലായതെന്നായിരുന്നു എംബസി ആദ്യം കണക്കാക്കിയിരുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ എംബസിയെ സമീപിച്ചതോടെയാണ് 86 പേര്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനമായത്. തൊഴിലാളികളില്‍ 81 പേര്‍ ഇലക്ട്രോ മാഗ്നറ്റിക് കമ്പനിയിിെലെയും അഞ്ചുപേര്‍ ഈ കമ്പനിയുടെ സഹോദര സ്ഥാപനമായ കാറ്ററിങ് കമ്പനിയിലുമാണ് ജോലി ചെയ്തിരുന്നത്. ഇവരില്‍ 58 പേര്‍ റുവൈസിലും നാലുപേര്‍ മുസഫയിലും ഒമ്പതുപേര്‍ ദുബൈയിലും ഒമ്പതുപേര്‍ അജ്മാനിലുമാണ് താമസിക്കുന്നത്. കമ്പനിയിലെ 70ലധികം ബംഗ്ളാദേശി തൊഴിലാളികളും ശമ്പളമില്ലാതെ പ്രയാസത്തിലാണ്. ഇവര്‍ സഹായത്തിനായി ബംഗ്ളാദേശ് എംബസിയെ സമീപിച്ചിട്ടുണ്ട്.
കമ്പനിയുടെ ബാങ്ക് ഗാരണ്ടിയില്‍നിന്ന് പണമെടുത്ത് തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. തൊഴിലാളികള്‍ക്ക് നിലവിലുള്ള തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കി നാട്ടിലേക്ക് മടങ്ങുകയോ യു.എ.ഇയില്‍ തന്നെ പുതിയ ജോലി തേടുകയോ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍, സ്വദേശത്തേക്ക് തിരിച്ചുപോകാനാണ് ഭൂരിപക്ഷം തൊഴിലാളികളും താല്‍പര്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.