ഷാര്‍ജയില്‍ വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന്‍ വരുന്നു

ഷാര്‍ജ: എമിറേറ്റിലെ ആദ്യ വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഷാര്‍ജ ജല-വൈദ്യുത വകുപ്പ് (സേവ) ഒരുങ്ങുന്നു. കാര്‍ബണ്‍ രഹിതമായ പരിസരം ഒരുക്കാനുള്ള ഇതിന്‍െറ കഴിവ് മുഖവിലക്കെടുത്താണിതെന്ന് സേവ ചെയര്‍മാന്‍ ഡോ. റാഷിദ് ആല്‍ ലീം പറഞ്ഞു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് സ്റ്റേഷന്‍െറ നിര്‍മാണത്തിന് സേവ അടിയന്തിര ഒരുക്കം നടത്തുന്നത്. ഊര്‍ജ്ജ സംരക്ഷിക്കുക എന്ന സേവയുടെ മുദ്രാവാക്യവും ഇതിന് ആക്കം കൂട്ടുന്നു. വൈദ്യുതി, പ്രകൃതി വാതക സംവിധാനം വാഹനങ്ങളില്‍ പ്രാബല്യത്തില്‍ വരുത്തുന്നതോടെ 30 ശതമാനം ഇന്ധനം ലാഭിക്കാനാകും. 80 ശതമാനം കാര്‍ബണ്‍ പ്രസരണം ഒഴിവാക്കാനാകുമെന്നും  സേവ ഗതാഗത വിഭാഗം മാനേജര്‍ ഹുസൈന്‍ കദ പറഞ്ഞു. അറ്റകുറ്റ പണികള്‍ കുറക്കുകയും ചെയ്യാം. എട്ട് മുതല്‍ 10 വരെ വര്‍ഷം ഈട് നില്‍ക്കുന്ന  ഇലക്ട്രിക് ബാറ്ററികളാണ് ഇതിന് ഉപയോഗിക്കുക.  ഫ്രാന്‍സിലെ റിനോ കമ്പനിയുമായി ചേര്‍ന്നാണ് സേവ പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.