അബൂദബി: അബൂദബിയില്‍ 110 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കായുള്ള മെഡിക്കല്‍ പരിശോധനയില്‍ നിന്ന് ഹെപ്പറ്റൈറ്റിസ്- ബി ടെസ്റ്റ് ഒഴിവാക്കി. പുതുതായി 21 തസ്തികകളിലേക്ക് ഈ പരിശോധന ഉള്‍പ്പെടുത്തുകയും ചെയ്തു. കഫ്തീരിയ ജീവനക്കാര്‍, കുക്ക്, ജ്യൂസ് മേക്കര്‍, ഷവര്‍മ മേക്കര്‍, ഭക്ഷണ വില്‍പനക്കാര്‍ തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള 110 തസ്തികകളില്‍ ജോലി ചെയ്യുന്നവരെയാണ് ഹെപ്പറ്റൈറ്റിസ്- ബി പരിശോധനയില്‍ നിന്ന് ഒഴിവാക്കിയത്. നഴ്സറി അധ്യാപകര്‍, ഭിന്ന ശേഷിയുള്ളവരെ പഠിപ്പിക്കുന്നവര്‍, മേക്കപ്പ് ജോലികള്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 21 തസ്തികകളിലേക്കാണ് പുതുതായി ഹെപ്പറ്റൈറ്റിസ്-ബി പരിശോധന ഉള്‍പ്പെടുത്തിയത്. അബൂദബി ഹെല്‍ത്ത് അതോറിറ്റി പുറപ്പെടുവിച്ച പുതിയ നിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്.
കുക്ക്, ജ്യൂസ് മേക്കര്‍, മല്‍സ്യവില്‍പനക്കാര്‍ തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 110 തസ്തികകളില്‍ വിസ ലഭിക്കാന്‍ നേരത്തേ ഹെപ്പറ്റൈറ്റിസ്- ബി പരിശോധന നിര്‍ബന്ധമായിരുന്നു. ഇനി മുതല്‍ ഇവര്‍ വിസക്കായി എച്ച്.ഐ.വി പരിശോധന, ക്ഷയരോഗമുണ്ടോ എന്നറിയാന്‍ നെഞ്ചിന്‍െറ എക്സ്റേ പരിശോധന എന്നിവക്ക് മാത്രം വിധേയമായാല്‍ മതി എന്നാണ് നിര്‍ദേശം. ഹെപ്പറ്റൈറ്റിസ്- ബി രോഗമുള്ളവര്‍ക്കും ഇനി മുതല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യാന്‍ തടസമുണ്ടാവില്ല എന്നാണ് സൂചന. നഴ്സറി അധ്യാപകര്‍, ഭിന്നശേഷിയുള്ളവരെ പരിശീലപ്പിക്കുന്നവര്‍, സാമൂഹിക സേവനരംഗത്തുള്ള സാങ്കേതിക വിദഗ്ധര്‍ തുടങ്ങി 21 തസ്തികയിലുള്ളവര്‍ക്ക് നേരത്തേ വിസ ലഭിക്കാന്‍ ഹെപ്പറ്റൈറ്റിസ് ബി പരിശോധന ആവശ്യമില്ലായിരുന്നു. പുതിയ നിര്‍ദേശത്തോടെ ഈ തസ്തികകളില്‍ പരിശോധന നിര്‍ബന്ധമായി.
വിവിധ തസ്തികകളിലെ വിസക്കായി നടത്തേണ്ട പരിശോധനകളുടെ ക്ളാസുകള്‍ മാറ്റിക്കൊണ്ട് അബൂദബി ഹെല്‍ത്ത് അതോറിറ്റിയുടെ പൊതുജനാരോഗ്യവിഭാഗമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. വിസ മെഡിക്കല്‍ സ്ക്രീനിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതിന്‍െറ പകര്‍പ്പ് അധികൃതര്‍ കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.